കൃത്രിമക്കാൽ വിതരണക്യാമ്പ് നടത്തി
Friday, June 7, 2019 12:23 AM IST
ബംഗളൂരു: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ നാരായൺ സേവാ സൻസ്താനിന്‍റെ നേതൃത്വത്തിൽ കൃത്രിമക്കാൽ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ബംഗളൂരുവിലെ നാരായൺ സേവാ സൻസ്താൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ 14 പേർക്ക് സൗജന്യമായി കൃത്രിമക്കാലുകൾ നല്കി. സംഘടനാ പ്രസിഡന്‍റ് പ്രശാന്ത് അഗർവാൾ, ശ്രീനിവാസ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജസ്ഥാനിലെ ഉദയ്പുർ ആസ്ഥാനമായുള്ള നാരായൺ സേവാ സൻസ്താൻ ഇതുവരെ രാജ്യത്ത് അഞ്ഞൂറിലേറെ കൃത്രിമക്കാൽ വിതരണ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജയ്പുർ, അഹമ്മദാബാദ്, ആഗ്ര, ഹൈദരാബാദ്, ബംഗളൂരു, അലിഗഡ് എന്നിവിടങ്ങളിലും ഈമാസം ക്യാമ്പുകൾ നടത്തുന്നുണ്ട്. വിപണിയിൽ എഴുപതിനായിരം രൂപയോളം വരുന്ന കൃത്രിമക്കാലുകളാണ് ക്യാമ്പുകൾ വഴി സൗജന്യമായി നല്കുന്നത്.