ബൈബിൾ മതബോധന കമ്മീഷൻ അവാർഡുകൾ വിതരണം ചെയ്തു
Saturday, June 8, 2019 6:43 PM IST
ബംഗളൂരു: മാണ്ഡ്യ രൂപത ബൈബിൾ മതബോധന കമ്മീഷൻ വാർഷിക അവാർഡ് ദാനം മേയ് 26ന് വൈകുന്നേരം 4.30ന് ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടന്നു. സെന്‍റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം മുഖ്യാതിഥിയായിരുന്നു. മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ബൈബിൾ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ, ഫാ. ജോർജ് മൈലാടൂർ, ബിജു ജോർജ്, ജോയ് കോട്ടയ്ക്കൽ, ജോസ് വേങ്ങത്തടം, മാത്യു മാളിയേക്കൽ, ജോസഫ് തോമസ് മാമ്പറമ്പിൽ, ജെയ്സൺ ജെ. തടത്തിൽ, ജോമി ഏബ്രഹാം പൂവത്താനി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മതബോധന ഡയറിയുടെ പ്രകാശനവും സിബിസി മാണ്ഡ്യ വെബ്സൈറ്റ് ഉദ്ഘാടനവും റവ.ഡോ. മാത്യു കോയിക്കര സിഎംഐ നിർവഹിച്ചു.

മികച്ച മതബോധനകേന്ദ്രത്തിനുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. എ വിഭാഗത്തിൽ ബാബുസാപാളയ സെന്‍റ് ജോസഫ് യൂണിറ്റും ബി വിഭാഗത്തിൽ കഗദാസപുര സെന്‍റ് മേരീസ് യൂണിറ്റും സി വിഭാഗത്തിൽ ടിസി പാളയ സെന്‍റ് ജോസഫ് യൂണിറ്റും ഡി വിഭാഗത്തിൽ വിജയനഗർ മേരിമാതാ യൂണിറ്റും അവാർഡുകൾ കരസ്ഥമാക്കി. വിജയികൾക്ക് വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ, കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ എന്നിവർ ചേർന്നു ട്രോഫികൾ സമ്മാനിച്ചു.

ചടങ്ങിൽ സ്കോളർഷിപ്പ് പരീക്ഷ, ബൈബിൾ ക്വിസ്, ഫാമിലി ബൈബിൾ ക്വിസ്, ലോഗോസ് ക്വിസ്, മികച്ച വാർഷിക റിപ്പോർ‌ട്ട് എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മുഴുവൻദിന ഹാജരുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള അവാർഡുകളും അധ്യാപക സേവന അവാർഡും മികച്ച മതബോധനകേന്ദ്രത്തിനുള്ള അവാർഡും ചടങ്ങിൽ നല്കി. ചടങ്ങിൽ കാലാവധി പൂർത്തിയാക്കിയ മതബോധന കമ്മീഷൻ അംഗം ജോസ് വേങ്ങത്തടത്തിന് യാത്രയയപ്പ് നല്കി. പുതിയ കമ്മീഷൻ അംഗങ്ങൾക്ക് സ്വീകരണവും നല്കി.