കുടുംബസൗഹൃദം: സ്വീഡൻ ഒന്നാമത്
Friday, June 14, 2019 9:04 PM IST
ലണ്ടൻ: യൂറോപ്പിലെ കുടുംബ സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോൾ സ്വീഡൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് നോർവേയും മൂന്നാമത് ഐസ് ലൻഡും എസ്റ്റോണിയ നാലാമതും പോർച്ചുഗൽ അഞ്ചാമതുമാണ്. ആറുമുതൽ പത്തുവരെയുള്ള രാജ്യങ്ങളിൽ യഥാക്രമം ജർമനി, ഡെൻമാർക്ക്, സ്ളോവേനിയ, ലുക്സംബർഗ് ഫ്രാൻസ് എന്നിവ ഉൾപ്പെടുന്നു.

പട്ടികയിൽ യുകെ വളരെ പിന്നിലാണ്. 31 രാജ്യങ്ങളുടെ പട്ടിക യുഎൻ തയാറാക്കിയപ്പോൾ സൈപ്രസും ഗ്രീസും സ്വിറ്റ്സർലൻഡും മാത്രമാണ് യുകെയ്ക്കു താഴെയുള്ളത്.

കുട്ടിയുണ്ടാകുന്പോൾ മാതാപിതാക്കൾക്കു ലഭിക്കുന്ന ശന്പളത്തോടെയുള്ള അവധി, ചൈൽഡ് കെയറിനു വരുന്ന ചെലവ് തുടങ്ങിയ ഘടകങ്ങളാണ് റാങ്കിംഗിൽ പരിഗണിക്കപ്പെട്ടത്.

മൂന്നു വയസിനു മുകളിലും താഴെയുമുള്ള പ്രീ സ്കൂൾ കുട്ടികളിൽ ചൈൽഡ് കെയർ ഉപയോഗിക്കുന്നവരുടെ അനുപാതവും പരിഗണിക്കപ്പെട്ടു. ചെലവ് കൂടുതലായതു കാരണം ഈ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തതായി പരാതി പറയുന്ന ഏറ്റവും കൂടുതലാളുകൾ യുകെയിലാണെന്നും വ്യക്തമായി.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ