യുക്മ ദേശീയ കായികമേളക്ക് ജൂലൈ 13 മിഡ്‌ലാൻഡ്‌സിലെ നൈറ്റീറ്റൺ വേദിയാകും
Saturday, June 15, 2019 4:13 PM IST
ലണ്ടൻ: യുക്മ ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ നൈറ്റീറ്റൺ വേദിയാകും. പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ട മേള യുകെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 ന് (ശനി) അരങ്ങേറും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്ക് സൗകര്യപ്രദമായവിധം മിഡ്‌ലാൻഡിൽത്തന്നെ പുതിയ സ്റ്റേഡിയം കണ്ടെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

ദേശീയ മേളക്ക് മുന്നോടിയായി റീജണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.

പ്രധാനപ്പെട്ട റീജണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജണൽ കായികമേളകൾ പൂർത്തിയായിക്കഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ അറിയിച്ചു.

കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന റീജണുകളിൽ നിന്നുള്ള കായികതാരങ്ങൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്‍റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജണൽ ഭാരവാഹികൾ തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻവിജയമാകുവാനുള്ള തയാറെടുപ്പുകളിലാണ്.

സ്റ്റേഡിയത്തിന്‍റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton - CV11 4LX

റിപ്പോർട്ട്:സജീഷ് ടോം