ജർമനിയിൽ ഗർഭഛിദ്രത്തിന്‍റെ പരസ്യം നൽകിയ ഗൈനക്കോളജിസ്റ്റുകൾക്ക് പിഴ
Saturday, June 15, 2019 8:38 PM IST
ബർലിൻ: ജർമനിയിൽ രണ്ടു ഗൈനക്കോളജിസ്റ്റുകൾക്ക് കോടതി പിഴ ചുമത്തി. ഗർഭഛിദ്രം നടത്തിക്കൊടുക്കുന്നതു സംബന്ധിച്ച പരസ്യം നൽകിയതിനാണു ശിക്ഷ. രാജ്യത്ത് ഗർഭഛിദ്രം നിരോധിച്ചിട്ടില്ലെങ്കിലും പരസ്യങ്ങൾക്ക് നിരോധനമുണ്ട്. നാസി കാലഘട്ടം മുതൽ തുടർന്നു പോരുന്ന നിയമമാണിത്.

ബർലിനിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരോരുത്തരും 2,000 യൂറോ വീതം പിഴയടയ്ക്കാനാണ് വിധി.ഗർഭം അലസിപ്പിക്കൽ പരസ്യങ്ങൾ ഒരു നാസി കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നുവെന്നും കോടതി വിശേഷിപ്പിച്ചു.സംരക്ഷിത അന്തരീക്ഷത്തിൽ ഒൗഷധത്തോടെ, അനസ്തേഷ്യ നൽകി സ്വതന്ത്ര ഗർഭഛിദ്രം നടത്തി കൊടുക്കുമെന്നായിരുന്നു പരസ്യം. ഗർഭച്ഛിദ്ര വിരുദ്ധ പ്രചാരകരാണ് ഗൈനക്കോളജിസ്റ്റുകളുടെ വെബ്സൈറ്റ് പരസ്യം കോടതിയിലെത്തിച്ചത്.

വിധിക്കെതിരെ അപ്പീൽ നൽകാനാണ് ബെറ്റിന ഗാബർ, വെറീന വെയർ എന്നീ ഗൈനക്കോളജിസ്റ്റുകളുടെ തീരുമാനം.

അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലേറി അൽപ്പ കാലത്തിനുള്ളിൽ, 1933 മേയിലാണ് ഇങ്ങനെയൊരു നിയമം നടപ്പാക്കിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സമീപ കാലത്താണ് ഇതിൽ ഇളവ് വരുത്തിയത്. എന്നാൽപോലും വിവരം കൈമാറാമെന്നല്ലാതെ പരസ്യം എന്ന രീതിയിൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിരുന്നില്ല.

ജർമനിയിലെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് സർക്കാരുകൾ 1933 ലെ നിയമം ഭേദഗതി ചെയ്തു കൂടുതൽ കർശനമാക്കിയിരുന്നു. ഗർഭച്ഛിദ്രം പ്രോൽസാഹിപ്പിക്കുന്ന യാതൊരുവിധ പരസ്യങ്ങൾ അനുവദിച്ചിരുന്നില്ല, കൂടാതെ ഇത്തരം പരസ്യങ്ങൾക്ക് നിരോധനവും ഉണ്ട്. ഗർഭച്ഛിദ്രത്തിന് ജർമനിയിൽ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമേ അത് അനുവദിക്കുകയുള്ളൂ. അമ്മയുടെ ജീവന് ഭീഷണിയാകുന്ന ഗർഭം, അല്ലെങ്കിൽ ബലാത്സംഗത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രത്യേക സാഹചര്യങ്ങൾ എന്നിവയൊഴികെ, മറ്റു അലസിപ്പിക്കലിന് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.

1970 മുതൽ വനിതകളുടെ അവകാശത്തിന് മുൻനിരയിൽ നിൽക്കുന്ന ജർമനിയിൽ ഗർഭഛിദ്രത്തെ പൂർണമായും തടയണമെന്നാവശ്യപ്പെട്ട് ഒട്ടനവധി പ്രക്ഷോഭങ്ങൾ തെരുവിൽ അരങ്ങേറിയിട്ടുണ്ട്. സിഡിയു അധ്യക്ഷയും ചാൻസലർ മെർക്കലിന്‍റെ പിൻഗാമിയുമായ അന്നഗ്രെറ്റെ കാറൻബൗവർ ഗർഭച്ഛിദ്രത്തിന ഏറ്റവും കൂടുതൽ എതിർക്കുന്നയാളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ