കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്‌സർലൻഡിൽ വർണാഭമായ സമാപ്‌തി
Sunday, June 16, 2019 1:16 AM IST
സൂറിച്ച്: ഭാരതത്തിനു പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ കേളി അന്താരാഷ്ട കലാമേളയ്ക്ക് നിറപ്പകിട്ടാർന്ന പരിസമാപ്‌തി . ജൂൺ 8 ,9 തീയതികളിൽ സൂറിച്ചിൽ വച്ചായിരുന്നു കേളിയുടെ അന്താരാഷ്ട കലാമേള അരങ്ങേറിയത്.. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ മുന്നൂറിലധികം മത്സരാർഥികൾ രണ്ടു ദിനരാത്രങ്ങൾ ഇന്ത്യൻ കലകൾ മത്സരത്തിലൂടെ മാറ്റുരച്ചു. നൃത്തനൃത്യേതര ഇനങ്ങളിലായി പന്ത്രണ്ട് ഇനങ്ങളിൽ ആണ് മത്സരങ്ങൾ അരങ്ങേറിയത്. മീഡിയ ഈവന്‍റ് ആയ സൂപ്പർ ഷോർട്ട് ഫിലിമും ഓപ്പൺ പെയിന്‍റിംഗും ഫോട്ടോഗ്രാഫിയും അരങ്ങേറി.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടി സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള കുമാരി ശിവാനി നമ്പ്യാർ സൂര്യാ ഇന്ത്യ കലാതിലകം കിരീടം നേടി.സബ് ജൂണിയർ വിഭാഗത്തിൽ ഫാൻസി ഡ്രസ്, നാടോടി നൃത്തം ,ഭരതനാട്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ശിവാനി കലാമേളയിൽ താരോദയം ചെയ്തത്

നൃത്ത്യേതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ഗ്രെയ്‌സ് മരിയ ജോസ് ഫാ. ആബേൽ മെമ്മോറിയൽ കിരീടവും നേടി.പ്രസംഗം,ഫാൻസി ഡ്രസ് , മോണോ ആക്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് അയർലൻഡിൽ നിന്നും വന്ന ഗ്രെയ്‌സ് മരിയ ജോസ് തിളങ്ങിയത്.

ഭരതനാട്യം , സിനിമാറ്റിക്,ഡാൻസ്, നാടോടി നൃത്തം ,മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളിൽ സമ്മാനം നേടി തിളങ്ങിയ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്ന തിലകവും നേടി. കഴിഞ്ഞ വർഷത്തെ കലാമേളയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുതന്നെയുള്ള ജാനറ്റായിരുന്നു കലാതിലക പട്ടം നേടിയത്.

കുച്ചുപ്പിടിയിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും സോളോ സോങ്ങിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയ വർഷ മാടനും കലാമേളയിൽ തിളങ്ങിയ പ്രതിഭയായി.

മിനീസിൽ ഫാൻസി ഡ്രസിലും കഥ പറച്ചിലിലും ഒന്നാം സ്ഥാനം നേടി ഡാനപ്പൻ കാച്ചപ്പിള്ളിയും ജൂണിയർ വിഭാഗം ഫാൻസിഡ്രസിലും സോളോ സോങിലും ഒന്നാം സ്ഥാനം നേടി സിയാൻ തൊട്ടിയിലും മേളയിൽ തിളങ്ങിനിന്നു.

ഫോട്ടോഗ്രഫിയിലും ഷോർട്ട് ഫിലിമിലും സമ്മാനം നേടി മോനിച്ചൻ കളപ്പുരക്കലും (ഓസ്ട്രിയ) ശ്രദ്ധ നേടി.ഷോർട് ഫിലിമിൽ ജനപ്രിയ അവാർഡും ജൂറി അവാർഡും ഫൈസൽ കാച്ചപ്പള്ളി നേടി. വളരെ ശക്തിയേറിയ മത്സരം നടന്ന മറ്റൊരു ഇനമായിരുന്നു സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്. സബ് ജൂണിയർ, ജൂണിയർ തലത്തിൽ ബോളിവുഡ് ഗ്രൂപ്പ് നൃത്തം അരങ്ങേറി.

ഇന്ത്യൻ എംബസിയുടെയും സൂര്യ ഇന്ത്യയുടേയും പിന്തുണയോടെയാണ് സ്വിറ്റ്‌സർലൻഡിൽ കേളി അന്താരാഷ്ട്ര കലാമേള നടക്കുന്നത്.

ഇന്ത്യൻ എംബസി ബേണിലെ സെക്രട്ടറി റോഷ്‌നി അഭിലാഷ് ഐഎഫ്എസ് മുഖ്യാതിഥി ആയിരുന്നു.എല്ലാ വിജയികൾക്കും ട്രോഫികളും കേളി സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

കേളി പ്രസിഡന്‍റ് ബെന്നി പുളിക്കൽ സ്വാഗതവും സെക്രട്ടറി ദീപ മേനോൻ ആശംസയും ജനറൽ കൺവീനർ റീന അബ്രാഹം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:ജേക്കബ് മാളിയേക്കൽ