ജർമനിയിൽ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യ
Monday, June 17, 2019 9:30 PM IST
ബർലിൻ: ജർമനിയിലെ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകളിൽ പകുതിയും തൊഴിലാളികൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് കണക്ക്. പ്രതികാര നടപടികൾ ഭയന്നും, പ്രൊഫഷണൽ പുരോഗതി തടസപ്പെടുമെന്ന ആശങ്ക കാരണവുമൊക്കെയാണ് മിക്കവരും ഇതെല്ലാം നിശബ്ദമായി സഹിക്കുന്നത്. ലൈംഗിക പീഡനം വരെയുള്ള കുറ്റകൃത്യങ്ങൾ ഇത്തരത്തിൽ മൂടിവയ്ക്കപ്പെടുന്നതായാണ് പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

എന്നാൽ, ഇത്തരം സംഭവങ്ങൾ ഇരകൾക്കു ബുദ്ധിമുട്ട് വരാത്ത രീതിയിൽ റിപ്പോർട്ട് ചെയ്യാൻ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ലാറ വോൻ പീറ്റേഴ്സ്ഡോർഫ് എന്ന യുവതി. ലിറ്റ് എന്നാണിതിനു പേര് നൽകിയിരിക്കുന്നത്.

നോർവീജിയൻ ഭാഷയിൽ "ശ്രദ്ധിച്ചു കേൾക്കുക' എന്നതാണ് ലിറ്റ് എന്ന വാക്കിന്‍റെ അർഥം. ജീവനക്കാർക്ക് ഡിജിറ്റൽ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പരാതികൾ അറിയിക്കാനുള്ള സംവിധാനമാണിത്. മാർവിൻ ഹോംബർഗ് എന്ന സുഹൃത്തുമായി ചേർന്നാണ് ലാറ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ജീവനക്കാരുടെ പരാതികൾ സ്ഥാപനത്തിലെ തന്നെ ഉത്തരവാദപ്പെട്ട വ്യക്തിക്കും പുറത്തുള്ള വിദഗ്ധനും ലഭിക്കുന്ന രീതിയിലാണ് ഇതു തയാറാക്കിയിരിക്കുന്നത്. പുറത്തുള്ള വിദഗ്ധൻ മാനസികാരോഗ്യ രംഗത്തുനിന്നോ നിയമ രംഗത്തുനിന്നോ ആയിരിക്കും.

ഏതു സ്ഥാപനത്തിനും അനായാസം സൈൻഅപ്പ് ചെയ്യാവുന്ന വിധത്തിലാണ് ലിറ്റ് തയാറാക്കിയിരിക്കുന്നത്. 100 ജീവനക്കാർ വരെയുള്ള സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് സേവനം സൗജന്യമായിരിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ