ലക്സംബർഗിൽ പൊതുഗതാഗതം സൗജനന്യമാക്കും
Monday, June 17, 2019 10:13 PM IST
ലക്സംബർഗ്: എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പൂർണമായി സൗജന്യമാക്കുന്ന ആദ്യ ലോക രാജ്യമായി ലക്സംബർഗ് മാറും. വരുന്ന വേനൽക്കാലത്തോടെ ട്രെയ്ൻ, ട്രാം, ബസ് യാത്രകളും സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ പ്രഖ്യാപിച്ചു.

പൊതുഗതാഗതം സൗജന്യമാകുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും അതുവഴി കാർബണ്‍ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുമാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.

അതേസമയം, ട്രെയ്നുകളുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് കംപാർട്ടുമെന്‍റുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. രണ്ടു മണിക്കൂർ യാത്രയ്ക്ക് ഇപ്പോൾ രണ്ടു യൂറോയാണ് ടിക്കറ്റ് നിരക്ക്. ഈ സമയം കൊണ്ട് രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാൻ സാധിക്കും.

പൊതു ഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവർക്ക് നികുതി ഇളവ് നൽകുന്നതും സർക്കാരിന്‍റെ പരിഗണനയിലാണ്. ഏകദേശം 110,000 ആളുകൾ നഗരത്തിനുള്ളിൽ താമസിക്കുന്നുണ്ടെ ങ്കിലും 4,00,000 പേർ നഗരത്തിലേക്ക് യാത്രചെയ്യുന്നു. തലസ്ഥാനത്തെ ഡ്രൈവർമാർ 2016 ൽ ശരാശരി 33 മണിക്കൂർ ട്രാഫിക് ജാമിൽ ചെലവഴിച്ചതായി ഒരു പഠനം സൂചിപ്പിക്കുന്നു.

രാജ്യത്തെ ആകെ ജനസംഖ്യ ഏതാണ്ട് ആറുലക്ഷത്തോളമാണ്. എന്നാൽ ഫ്രാൻസ്, ബെൽജിയം, ജർമനി എന്നിവിടങ്ങളിൽ താമസിക്കുന്ന 2,00,000 ത്തോളം ആളുകൾ ഓരോ ദിവസവും അതിർത്തി കടന്ന് ലക്സംബർഗിൽ എത്തി ജോലി ചെയ്യുന്നുണ്ട്.

ഗതാഗതത്തോടുള്ള പുരോഗമന മനോഭാവമാണ് ലക്സംബർഗ് കൂടുതലായി കാണിക്കുന്നത്. ഈ വേനൽക്കാലത്ത്, 20 വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ചെറുപ്പക്കാർക്കും സർക്കാർ സൗജന്യ ഗതാഗതം കൊണ്ടുവന്നു. സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനത്തിനും വീടിനും സൗജന്യമായി ഷട്ടിലുകൾ ഉപയോഗിക്കാം. യാത്രക്കാർക്ക് രണ്ടു മണിക്കൂർ യാത്രയ്ക്ക് 2 യൂറോ മാത്രമേ നൽകേണ്ടതുള്ളൂ, ഇത് വെറും 999 ചതുരശ്ര മൈൽ (2,590 ചതുരശ്ര കിലോമീറ്റർ) ഉള്ള ഒരു രാജ്യത്ത് മിക്കവാറും എല്ലാ യാത്രകളും ഉൾക്കൊള്ളുന്നു.

2020 ന്‍റെ തുടക്കം മുതൽ എല്ലാ ടിക്കറ്റുകളും നിർത്തലാക്കും. ഇതുവഴി നിരക്ക് ശേഖരണവും ടിക്കറ്റ് വാങ്ങൽ പോളിസിംഗും ലാഭിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ