സ്വാതന്ത്ര്യദിന അവധി: ട്രെയിനുകളിൽ ബുക്കിംഗ് തകൃതി
Monday, June 17, 2019 10:46 PM IST
ബംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു. മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. അവധിയുടെ തലേദിവസമായ ഓഗസ്റ്റ് 14നാണ് ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെടുന്നത്. വൈകുന്നേരം 4.50നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസിലും (16315) രാത്രി എട്ടിനു പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസിലും (16526) നീണ്ട വെയ്റ്റിംഗ് ലിസ്റ്റാണ് ദൃശ്യമാകുന്നത്. കേരള, കർണാടക ആർടിസികളിൽ ബുക്കിംഗ് ആരംഭിക്കാൻ ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ട്രെയിനുകളിൽ വളരെ നേരത്തെ തന്നെ ബുക്കിംഗ് തിരക്ക് ആരംഭിച്ചുകഴിഞ്ഞു. അതേസമയം, ഓണാവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും ട്രെയിൻ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്.