ഹനുമാൻക്ഷേത്രത്തിൽ തുലാഭാരം നടത്തി സുമലത
Monday, June 17, 2019 10:47 PM IST
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു നന്ദിയായി തുലാഭാരം നടത്തി നടിയും മാണ്ഡ്യ എംപിയുമായ സുമലത. മകൻ അഭിഷേകിനൊപ്പം ധാർവാഡിലെ നുഗ്ഗികേരിയിലുള്ള ഹനുമാൻക്ഷേത്രത്തിലാണ് അവർ തുലാഭാരം നടത്തിയത്. പഞ്ചസാരയും നെയ്യും കൊണ്ടുള്ള തുലാഭാരം സംഘടിപ്പിച്ചത് സുമലതയുടെ ഭർത്താവും നടനുമായിരുന്ന അംബരീഷിന്‍റെ ആരാധകനാണ്. നിർമാതാവ് റോക്‌ലിൻ വെങ്കടേഷ്, നടൻ ദൊഡ്ഡണ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് അഭിഷേക് അഭിനയിച്ച അമർ‌ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിലും സുമലതയെത്തി. തുടർന്ന് ഹുബ്ബള്ളിയിലെ കെഎൽഇടിയു വിദ്യാർഥികളുമായി സംവദിച്ചു. സുമലതയ്ക്ക് സ്വീകരണമൊരുക്കി ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.