മാഞ്ചസ്റ്ററിൽ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും പിതൃവേദി ഉദ്ഘടനവും ഭക്തിസാന്ദ്രമായി
Wednesday, June 19, 2019 7:59 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മിഷനിലെ വിഥിൻഷോയിൽ ഫാദേഴ്‌സ് ഡേയും പിതൃവേദി ഉദ്ഘടനവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഞാറാഴ്ച വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന ദിവ്യബലിയെ തുടർന്നാണ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങൾക്ക് തുടക്കമായത്.കുട്ടികൾ പിതാക്കന്മാർക്ക് പുഷ്പങ്ങൾ നൽകി തങ്ങളുടെ സ്നേഹം പങ്കുവച്ചു. തുടർന്നു ഫാ.ജോസ് അഞ്ചാനിക്കൽ കേക്ക് മുറിച്ചു പിതാക്കന്മാർക്കു നൽകി. മാതൃവേദിയുടെ സ്നേഹോപഹാരം ഭാരവാഹികൾ അച്ചന് കൈമാറി. ഇതോടെ ഇടവകയിലെ പിതൃവേദിക്കും തുടക്കമായി.

വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഭദ്രദീപം തെളിച്ച് പിതൃവേദിക്ക് തുടക്കം കുറിച്ചത്. ഇടവകയിലെ മുതിർന്നവരും നാട്ടിൽ നിന്നും എത്തിച്ചേർന്ന പിതാക്കന്മാരും അച്ചനൊപ്പം നിലവിളക്കു തെളിയിച്ചു. ഇടവകയുടെയും മിഷന്‍റെയും പ്രവർത്തനങ്ങളിൽ പിതാക്കന്മാരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഫാ ജോസ് അഞ്ചാനിക്കൽ അഭ്യർഥിച്ചു.

തുടർന്നു സംഘടനയുടെ പ്രഥമ മീറ്റിംഗും നടന്നു.പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ