ചൂടിന്‍റെ കാഠിന്യം മെർക്കലിനെ തളർത്തി
Wednesday, June 19, 2019 9:36 PM IST
ബർലിൻ: ജർമനിയിൽ വേനൽ എത്തിയതോടെ ചൂടിന്‍റെ കഠിന്യവും വർധിക്കുകയാണ്. ചൊവ്വാഴ്ച തലസ്ഥാനമായ ബർലിനിൽ 30 ഡിഗ്രി ചൂടി ഉണ്ടായിരുന്നത് ചാൻസലർ ആംഗല മെർക്കലിനു താങ്ങാൻ കഴിഞ്ഞില്ല. ഏതു രാഷ്ട്രീയ ചൂടിനെയും നിഷ്പ്രയാസം കീഴടക്കുന്ന മെർക്കലിന് അന്തരീക്ഷ താപനിലയെ അൽപ്പനേരം മറികടക്കാനായില്ല. ഉക്രേനിയൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കിക്കു നൽകിയ സ്വീകരണത്തിനിടെയാണ് ചാൻസലർആംഗല മെർക്കലിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക ഉയർന്നത്. സ്വീകരണ വേളയിൽ മെർക്കലിന് നേരെ നിൽക്കാൻ ബുദ്ധിമുട്ടിയെന്നും വിറയൽ അനുഭവപ്പെട്ടുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

എന്നാൽ, ഇത് നിർജലീകരണം കാരണം സംഭവിച്ചതാണെന്ന് മെർക്കൽ തന്നെ പിന്നീട് അറിയിച്ചത് കൂടുതൽ വിശദീകരണത്തിന്‍റെ മുനയൊടിച്ചു. കടുത്ത ചൂടുണ്ടായിരുന്നു. അതാണ് അസ്വസ്ഥതയ്ക്കു കാരണം. മൂന്നു ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ എല്ലാം ശരിയായെന്നും മെർക്കൽ പറഞ്ഞു.

ചാൻസലറുടെ കൊട്ടാരത്തിൽ തന്നെയാണ് ഉക്രേനിയൻ പ്രസിഡന്‍റിന് സൈനിക സ്വീകരണം ഒരുക്കിയിരുന്നത്. ഗാർഡ് ഓഫ് ഹോണർ കൊട്ടാരത്തിനു വെളിയിലായിരുന്നു. അപ്പോഴത്തെ കടുത്ത വെയിലിന്‍റെ ചൂടാണ് മെർക്കലിന് പ്രശ്നമായത്. മെർക്കലിന്‍റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് പിന്നീട് സെലൻസ്കിയും പറഞ്ഞു.

2021 ൽ ചാൻസലർ കാലാവധി അവസാനിക്കുന്നതോടെ പൊതു ജീവിതത്തിൽനിന്നു വിരമിക്കുകയാണെന്ന് മെർക്കൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 65 വയസ് തികയുന്ന മെർക്കലിന്‍റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ചുട്ടുപൊള്ളുന്ന വെയിലിൽ വിറച്ചു നിന്ന മെർക്കലിന്‍റെ ഫോട്ടോയാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

ജർമനിയിൽ ശനിയാഴ്ച വരെ അന്തരീക്ഷ താപനില ഉയരുമെന്നും ഉഷ്ണക്കാറ്റും ചുഴലിക്കാറ്റും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കലണ്ടർ പ്രകാരം ജൂണ്‍ 21 നാണ് യൂറോപ്പിൽ വേനൽ തുടങ്ങുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ