മികച്ച എയർലൈനായി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടു
Wednesday, June 19, 2019 10:21 PM IST
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടു.പാരീസ് എയർ ഷോയിലാണ് 2019 ലെ ലോക എയർലൈൻ അവാർഡ് ഖത്തർ കരസ്ഥമാക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഖത്തർ എയർവേയ്സിന്‍റെ ഈ നേട്ടം കൈവരിക്കുന്നത്.

പാരീസ് എയർ ഷോയിൽ നടന്ന യോഗത്തിൽ ലോകമെന്പാടുമുള്ള എയർലൈൻ കന്പനികളും എയർലൈൻ മാനേജുമെന്‍റ് പ്രമുഖരും പങ്കെടുത്തു. പോയ വർഷം ഒഴികെ 2011, 2012, 2015, 2017 എന്നീ വർഷങ്ങളിൽ ഖത്തർ ഒന്നാമതെത്തിയിരുന്നു.

അഞ്ചാം തവണയും ’എയർലൈൻ ഓഫ് ദി ഇയർ’ എന്ന് നാമകരണം ചെയ്യപ്പെടുന്ന ആദ്യത്തെ എയർലൈൻ ആയിത്തീർന്നത് ഒരു സുപ്രധാന നേട്ടമായി ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. കൂടാതെ മറ്റ് മൂന്നു പ്രധാന സ്കൈട്രാക്സ് അവാർഡുകളും കന്പനി കരസ്ഥമാക്കി. കന്പനിയുടെ നിരന്തരമായ നവീകരണവും സേവന മാനദണ്ഡങ്ങളും വ്യവസായത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നതിനാൽ കന്പനിയെ ഉന്നതിയുടെ പടവുകളിൽ എത്തിച്ചുവെന്നും അക്ബർ അൽ ബേക്കർ പറഞ്ഞു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി ഓരോ സ്റ്റാഫ് അംഗങ്ങളിൽ നിന്നുമുള്ള കഠിനാധ്വാനവും അർപ്പണബോധവും അംഗീകാരം നേടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

ഖത്തർ എയർവേയ്സ് ലോകത്തെ മികച്ച ബിസിനസ് ക്ലാസ്/ബിസിനസ് ക്ലാസ് സീറ്റിംഗ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നിവയ്ക്കുള്ള അവാർഡുകളും നേടി. ദോഹ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഖത്തർ എയർവേയ്സ് ആഗോള തലത്തിൽ 160 ൽ അധികം കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

സിംഗപ്പൂർ എയർലൈൻസാണ് ലോകത്തിലെ ഏറ്റവും മികച്ച ക്യാബിൻ ക്രൂ എന്ന ബഹുമതി നേടിയത്. ലോകത്തെ മികച്ച ഫസ്റ്റ് ക്ലാസ്, ഏഷ്യയിലെ മികച്ച എയർലൈൻ, ലോകത്തിലെ മികച്ച ഫസ്റ്റ് ക്ലാസ് സീറ്റ് എന്നിവയ്ക്കുള്ള അവാർഡുകളും സിംഗപ്പൂരിനു ലഭിച്ചു.

ജർമനിയുടെ ആകാശ മുഖമുദ്രയായ ലുഫ്ത്താൻസായുടെ സ്ഥാനം ഒൻപതാമതാണ്.

2019 ലെ ലോകത്തിലെ മികച്ച 10 എയർലൈനുകൾ ഇവയാണ്

ഖത്തർ എയർവെയ്സ്(1),സിംഗപ്പൂർ എയർലൈൻസ്(2),എൻഎ ഓൾ നിപ്പോണ്‍ എയർവേയ്സ്(3),കാത്തെ പസഫിക്(4), എമിറേറ്റ്സ്(5), ഇവാ എയർ(6), ഹൈനാൻ എയർലൈൻസ്(7),ക്വാണ്ട ാസ് എയർവേയ്സ്(8), ലുഫ്താൻസ(9),തായ് ഏയർവേയ്സ്(10).

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ