യൂറോപ്പിന്‍റെ മുത്തശി ഓർമയായി
Wednesday, June 19, 2019 10:31 PM IST
മിലാൻ: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഇറ്റലിക്കാരിയുമായ ഗിയുസിപ്പിനെ റോബുച്ചി അന്തരിച്ചു. നൂറ്റിപ്പതിനാറാമത്തെ വയസിലാണ് റോബുച്ചി വിടവാങ്ങിയത്. കൃത്യമായി പറഞ്ഞാൽ 116 വർഷവും 90 ദിവസവുമാണ് റോബുച്ചി ഭൂമിയിൽ ജീവിച്ചത്. ജൂണ്‍ 18 നാണ് അന്ത്യം.

ലോകത്തെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയായിരുന്നു റോബുച്ചി. അമേരിക്ക ആസ്ഥാനമായുള്ള റോബർട്ട് യംഗ് എന്ന ലോക നരവംശ റിസർച്ച് ഗ്രൂപ്പിന്‍റെ കണ്ടെത്തൽ പ്രകാരം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജീവിതം നയിച്ച ആളുകളുടെ പട്ടികയിൽ റോബുച്ചിയുടെ സ്ഥാനം പതിനേഴാമതാണ്.

ഇറ്റലിയിലെ തെക്കൻ നഗരമായ പോഗോജിയോ ഇംപീരിയേലയിൽ 1903 മാർച്ച് 20 നാണ് റോബുച്ചിയുടെ ജനനം. നൊണ്ണ പെപ്പ എന്ന ഓമനപ്പേരിൽ പ്രാദേശികമായി അറിയപ്പെട്ടിരുന്ന റോബുച്ചിയെ 2012 ൽ ഹോണററി മേയർ എന്ന സ്ഥാനം നൽകി പോഗോജിയോ നഗരം ആദരിച്ചിരുന്നു. ഇക്കഴിഞ്ഞ ജന്മദിനത്തിൽ മേയറും സംഘവും ഇവർ താമസിക്കുന്ന വൃദ്ധസദനത്തിലെത്തി ജന്മദിനാശംസകളും സമ്മാനവും നൽകിയിരുന്നു.

ഭർത്താവുമൊത്ത് വർഷങ്ങളോളം കോഫി ബാർ നടത്തിയിരുന്ന റൊബുച്ചിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇവർക്ക് അഞ്ചു മക്കളും ഒൻപത് പേരക്കുട്ടികളും പതിനാറ് കൊച്ചുമക്കളുടെ മക്കളുമുണ്ട്.

ഇവരുടെ സംസ്കാരം നഗരത്തിന്‍റെ ബഹുമതികളോടെ നടത്തുമെന്ന് സിറ്റി മേയർ അൽഫോൻസോ ഡി അലോയിസിയോ അറിയിച്ചു.

1900 കളിൽ ജനിച്ച എമ്മ മൊറാൻ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണെന്ന് ഇറ്റലി മുന്പ് അകാശപ്പെട്ടിരുന്നു. 2017 ഏപ്രിൽ 15 ന് 117 വയസു 137 ദിവസവും പ്രായമുള്ളപ്പോഴാണ് അവർ അന്തരിച്ചത്.

ഗിന്നസ് ബുക്കിലെ രേഖയുടെ അടിസ്ഥാനത്തിൽ നിലവിലെ ലോകമുത്തശി 116 വയസുള്ള കാനെ തന്നക്ക എന്ന ജപ്പാൻകാരിയാണ്. ഇവരുടെ ജനനം 1903 ജനുവരി രണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ