വാൻഗോഗ് ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്ക് ലേലം ചെയ്തു
Thursday, June 20, 2019 10:52 PM IST
ജനീവ: വിഖ്യാത ഹോളണ്ട് ചിത്രകാരൻ വിൻസെന്‍റ് വാൻഗോഗ് ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്ക് ലേലം ചെയ്തു. 162,000 യൂറോയ്ക്ക് ലേലം ചെയ്തത്. പ്രതീക്ഷിച്ചതിലും മൂന്നിരട്ടി വിലയാണ് ലഭിച്ചത്.

വാൻഗോഗ് അവസാന നാളുകൾ ചെലവഴിച്ച ഗ്രാമത്തിലെ ഒരു കർഷകനാണ് 1965ൽ ഈ തോക്ക് കണ്ടെടുക്കുന്നത്. വാൻ ഗോഗ് ഉപയോഗിച്ച തോക്കിനു തുല്യമായ പഴക്കവും സമാനമായ ബുള്ളറ്റ് കാലിബറുമായിരുന്നെങ്കിലും ഇതുപയോഗിച്ചു തന്നെയാണ് വാൻഗോഗ് സ്വയം വെടിവച്ചതെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു.

ശക്തി കുറഞ്ഞ റിവോൾവറിൽനിന്നുള്ള വെടിയേറ്റ വാൻഗോഗ് രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്. സംഭവം നടന്ന സ്ഥലത്തു നിന്നു കണ്ടെടുത്ത തുരുന്പിച്ച തോക്ക് യഥാർഥമാണോ എന്ന് ഇപ്പോഴും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. 2012 ലാണ് ഇത് ആദ്യമായി ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയം പ്രദർശനത്തിനു വച്ചത്.

തോക്ക് യഥാർഥമാണോ എന്നറിയാതെ ലേലം നടത്തിയതിനെ വാൻ ഗോഗ് ഇൻസ്റ്റിറ്റ്യൂട്ട് വിമർശിക്കുകയും ചെയ്തിരുന്നു.

1890 ജൂലൈ 27 ന് നോർത്ത് പാരീസിലെ ഒൗവേഴ്സ് സുർ ഒയ്സെയിൽ വച്ച് വാൻ ഗോഗ് സ്വയം ജീവനൊടുക്കിയതെന്ന് കരുതപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ