കന്നഡ കലിയോണ: രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
Friday, June 21, 2019 4:26 PM IST
ബംഗളൂരു: ബംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കര്‍ണാടക സര്‍ക്കാരിന്‍റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന "കന്നഡ കലിയോണ" പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. എസ്ജി പാളയ ക്രിസ്തവിദ്യാലയ ഹാളില്‍ നടന്ന ചടങ്ങിൽ പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനം കന്നഡ വികസന അതോറിറ്റി അധ്യാപകന്‍ ഡോ. ജ്ഞാനമൂര്‍ത്തി നിർവഹിച്ചു. കേരളസമാജം സിറ്റി സോണ്‍ ചെയര്‍മാന്‍ കെ.വി. മനു അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥന്‍, ട്രഷറര്‍ കെ. വിനീഷ്, സോണ്‍ കണ്‍വീനര്‍ ലിന്‍റോ കുര്യന്‍, ശ്രീജിത്ത്‌, ഓമന ടീച്ചര്‍, സനിജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബംഗളൂരുവില്‍ വിവിധ കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് കേരളസമാജം ഉദ്ദേശിക്കുന്നത്. നിലവില്‍ ഇന്ദിരാനഗര്‍ കൈരളീനികേതന്‍ കാമ്പസില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 7619651419 (ഇന്ദിരാനഗര്‍), 9019112467 (എസ്ജി പാളയ).