യൂറോപ്യൻ യൂണിയനു പുതിയ നേതൃത്വത്തെ കണ്ടെത്താനനുള്ള ചർച്ച പരാജയം
Saturday, June 22, 2019 10:35 PM IST
ബ്രസൽസ്: നവംബറിൽ സ്ഥാനമൊഴിയുന്ന യൂറോപ്യൻ കമ്മിഷൻ, യൂറോപ്യൻ കൗണ്‍സിൽ അധ്യക്ഷൻമാർക്കു പിൻഗാമികളെ കണ്ടെത്തുന്നതിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടി പരാജയപ്പെട്ടു.

28 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ബ്രസൽസ് ഉച്ചകോടിയിൽ വെള്ളിയാഴ്ച പുലർച്ച വരെ ചർച്ച ചെയ്തിട്ടും ധാരണയിലെത്താനായില്ല. ജൂണ്‍ 30 നു ചേരുന്ന ഉച്ചകോടിയിൽ ഇതു സംബന്ധിച്ച ചർച്ച തുടരും. അതിനു മുൻപ് അനൗദ്യോഗിക ചർച്ചകളിലൂടെ സമവായത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

തീരുമാനമെടുക്കാൻ ഒരു ഉച്ചകോടി കൂടി ആവശ്യം വരുമെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്കാണ് അറിയിച്ചത്. പ്രധാന സ്ഥാനമായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് പദത്തിൽ ഴാങ് ക്ലോദ് ജങ്കറുടെ പിൻഗാമിയെ കണ്ടെത്തുക എന്നതാണ് പ്രധാന കടന്പ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ