വാത്സിംഗ്ഹാം തീർഥാടനം; ആല്മീയ-സംഗീത വിരുന്നൊരുക്കാൻ ചാമക്കാല അച്ചന്‍റെ നേതൃത്വത്തിൽ 35 അംഗ കൊയർ
Saturday, July 13, 2019 3:25 PM IST
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന അറിയപ്പെടുന്ന വിഖ്യാതമായ വാൽസിംഗ്ഹാമിൽ നടത്തപ്പെടുന്ന മൂന്നാമത് തീർത്ഥാടനം ആഘോഷമാക്കുവാൻ മാതൃ ഭക്തർ ഒഴുകിയെത്തുമ്പോൾ മരിയഭക്തി ഗാനങ്ങളാലും മാതൃ സ്തോത്ര ഗീതങ്ങളാലും ആല്മീയ ദാഹമുണർത്തുവാനും ഭക്തി സാന്ദ്രവും സംഗീതാൽമകവും ആക്കി മാതൃ സന്നിധേയത്തെ കൂടുതൽ മരിയൻ അനുഭവമേകുവാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ പരിശീലനത്തിലും നേതൃത്വത്തിലും വലിയ ഒരു ഗാന ശുശ്രൂഷക ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്.

ലണ്ടൻ റീജണൽ ചാപ്ലൈൻസികളുടെ സഹകാരിയും രൂപതയുടെ ലിറ്റർജിക്കൽ മ്യൂസിക് കോഓർഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയാണ് ഈ വർഷത്തെ തീർത്ഥാടന തിരുക്കർമങ്ങളിൽ ഗാന ശുശ്രുഷ നയിക്കുന്നത്. ഈ വർഷം ഗായക പ്രതിഭകളായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി മുമ്പത്തഞ്ചു അംഗങ്ങൾ അണിനിരക്കുന്ന വലിയ കൊയർ, മരിയൻ ഭക്തിനിർഗമിക്കുന്ന ആല്മീയ-സംഗീത വിരുന്നാവും തീർത്ഥാടകർക്കായി ഒരുക്കുക.

ജൂലൈ 20 നു (ശനി) രാവിലെ 9 ന് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ പ്രശസ്ത ധ്യാന ഗുരുവും,ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവയ്ക്കുന്നതിനും ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം 12:45 നു ആരംഭിക്കും.

ഉച്ച കഴിഞ്ഞു 2.45 ന് തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം മാർ സ്രാമ്പിക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ തീര്‍ത്ഥാടന തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. യുകെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാർ വൈദികര്‍ സമൂഹ ബലിയിൽ സഹ കാർമികരായിക്കും. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

മാതൃ ഭക്തർക്കായി മിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കുമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

പരിശുദ്ധ മാതാവിന്‍റെ മാദ്ധ്യസ്ഥത്തിൽ പ്രാർത്ഥിച്ചൊരുങ്ങിക്കൊണ്ട് വാൽസിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേർന്ന്, മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം എന്നിവർ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ