യൂറോപ്യൻ ഐക്യം വിളിച്ചോതി പാരീസ് പരേഡ്
Monday, July 15, 2019 9:23 PM IST
പാരിസ്: യുഎസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലും യൂറോപ്യൻ ഐക്യം വിളിച്ചോതുന്നതായിരുന്നു പാരീസിലെ ബാസ്റ്റിൽ ഡേ പരേഡ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ നടുനായകത്വം വഹിച്ച പരേഡ് വീക്ഷിക്കാൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട് എന്നിവരുമെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പകരം മുതിർന്ന ക്യാബിനറ്റ് മന്ത്രി ഡേവിഡ് ലിഡിങ്സ്റ്റണാണ് പരേഡ് വീക്ഷിക്കാനെത്തിയത്.

സായുധസേനയിലെ നാലായിരം അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. 2017ലെ പരേഡിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപായിരുന്നു മുഖ്യാതിഥി. എന്നാൽ, ഇപ്പോൾ യൂറോപ്യൻ സൈനിക ഐക്യത്തിനാണ് മാക്രോണ്‍ പ്രാമുഖ്യം നൽകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിന് ഇത്രയേറെ പ്രാധാന്യമുണ്ടായ കാലഘട്ടമുണ്ടായിട്ടില്ലെന്ന് ചടങ്ങിനോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിൽ മാക്രോണ്‍ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ