ആണവ കരാറിനു പിന്തുണ തുടരുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ
Tuesday, July 16, 2019 9:05 PM IST
പാരിസ്: ഇറാനുമായുള്ള ആണവ കരാറിന് പിന്തുണ തുടരുമെന്ന് യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യങ്ങൾ വ്യക്തമാക്കി. കരാറിനെ ദുർബലമാക്കുന്ന നീക്കങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും യുഎസ്- ഇറാൻ സംഘർഷം ലഘൂകരിക്കാൻ സംഭാഷണത്തിന് തയാറാകണമെന്നും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

സംഘർഷം കുറയ്ക്കാനും പരസ്പരം സംഭാഷണത്തിലേർപ്പെടാനുമുള്ള സമയമായെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനു പുറമെ ജർമൻ ചാൻസലർ ആംഗല മെർക്കൽ, ബ്രിട്ടീഷ് കാബിനറ്റ് ഓഫിസ് ചുമതലയുള്ള മന്ത്രി ഡേവിഡ് ലിഡിങ്ടണ്‍ എന്നിവരാണ് പ്രസ്താവന നടത്തിയത്.

പാരിസിൽ നടക്കുന്ന വാർഷിക ബാസ്റ്റില്ലെ സൈനിക പരേഡ് വീക്ഷിക്കാനെത്തിയ നേതാക്കൾ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിയായ എലിസി കൊട്ടാരത്തിൽ സമ്മേളിച്ചാണ് ആണവ കരാർ വിഷയത്തിൽ നയം വ്യക്തമാക്കിയത്.

തങ്ങളുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാൻ കരാറിൽ പങ്കാളികളായ എല്ലാവരും തയാറാകണം. ഇറാനുമേൽ യുഎസ് ഏർപ്പെടുത്തിയ വിലക്കും ഇതേതുടർന്ന് കരാറിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കില്ലെന്ന ഇറാന്‍റെ നിലപാടും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതിനാൽ, കരാറിനെ ദുർബലമാക്കുന്ന നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ട കക്ഷികൾ പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ