ക്രിസ്റ്റീൻ ലഗാർഡെ ഐഎംഎഫ് മേധാവിത്വം ഒഴിഞ്ഞു
Wednesday, July 17, 2019 10:18 PM IST
പാരീസ്: ഇന്‍റർനാഷണൽ മോനിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ സ്ഥാനം ക്രിസ്റ്റീൻ ലഗാർഡെ രാജിവച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയായി നാമനിർദേശം ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്.

സെപ്റ്റംബർ 12 ആയിരിക്കും ഐഎംഎഫിൽ തന്‍റെ അവസാന ദിവസമെന്നാണ് ലഗാർഡെ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് ബോർഡാണ് പുതിയ മാനേജിംഗ് ഡയറക്ടറെ തെരഞ്ഞെടുക്കേണ്ടത്.

ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്റ്റീൻ 2011 മുതൽ ഐഎംഎഫിന്‍റെ മേധാവിയാണ്. ഇസിബി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിർദേശം യൂറോപ്യൻ കൗണ്‍സിൽ അംഗീകരിച്ചാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരിക്കും ക്രിസ്റ്റീൻ.

അന്താരാഷ്ട്ര സാന്പത്തിക മേഖലയിലെ റോക്ക് സ്റ്റാർ എന്നാണ് അറുപത്തിമൂന്നുകാരിയായ ക്രിസ്റ്റീൻ അറിയപ്പെടുന്നത്. അഭിഭാഷകയായി കരിയർ ആരംഭിച്ച ശേഷമാണ് അവർ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. നിക്കോളാസ് സർക്കോസിയുടെ ഭരണകാലത്ത് ഫ്രാൻസിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. ഡൊമിനിക് സ്ട്രോസ് ഖാനു പകരം ഐഎംഎഫിന്‍റെ തലപ്പത്തേയ്ക്കു വരുന്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു ക്രിസ്റ്റീൻ ലഗാർഡെ.

1956 ൽ പാരീസിലാണ് ജനനം. 1973 ൽ എക്സ്ക്ലൂസീവ് യുഎസ് സ്കൂളിലേക്ക് ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നേടി, അവിടെ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി.1981 ൽപാരീസിലെ ലോ കോളജിലെ പഠനത്തിനു ശേഷം അന്താരാഷ്ട്ര നിയമ സ്ഥാപനമായ ബേക്കർ & മക്കെൻസിയിൽ അസോസിയേറ്റായി ചേർന്നു, 18 വർഷത്തിനുശേഷം ചെയർ ആയി. 2005 ൽ ഫ്രാൻസിന്‍റെ വ്യാപാര മന്ത്രിയായി. 2007 ൽ ഫ്രാൻസിൽ മാത്രമല്ല ജി 8 പ്രമുഖ വ്യവസായ രാജ്യങ്ങളിലും ഈ പദവി വഹിച്ച ആദ്യ വനിത ഫ്രാൻസിന്‍റെ ധനമന്ത്രിയായി. 2011 ൽ ഐഎംഎഫിന്‍റെ അധ്യക്ഷയായി. 2019 ൽ യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ