ഡോ. ഉർസുല ഫൊണ്‍ ഡെർ ലെയൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി
Wednesday, July 17, 2019 10:39 PM IST
ബ്രസൽസ്: ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൻ ഡെർ ലെയനെ(60) യൂറോപ്യൻ യൂണിയൻ കമ്മീഷന്‍റെ പുതിയ പ്രസിഡന്‍റായി യൂറോപ്യൻ പാർമെന്‍റ് തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പാർലമെന്‍റിൽ നടത്തിയ വോട്ടെടുപ്പിൽ ഉർസുല നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യൂറോപ്യൻ യൂണിയന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ് ഒരു വനിത ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ജർമനിയുടെ ചരിത്രത്തിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ വ്യക്തിയുമാണ് ലെയൻ. അഞ്ചുവർഷമാണ് കാലാവധി.

പാർലമെന്‍റിലെ യൂറോപ്യൻ പാർലമെന്‍റിൽ ആകെയുള്ള 751 അംഗസംഖ്യയിൽ 733 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 374 വോട്ടാണ് ജയിക്കാൻ ആവശ്യമായി വേണ്ടിയിരുന്നത്. 383 വോട്ടാണ് ഉർസുലക്ക് ലഭിച്ചത്. ഒൻപത് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉർസുല തെരഞ്ഞെടുക്കപ്പെട്ടത്. 327 പേർ എതിർത്ത് വോട്ടു ചെയ്തു.22 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.

യൂറോപ്യൻ ഫോൾക്സ് പാർട്ടിക്ക്(ഇപിപി/182), എസ് & ഡി (154), ഗ്രീൻ പാർട്ടി (74), ലിബറൽ (108) എന്നീ കക്ഷികളുടെ കൂട്ടുകെട്ടാണ് മെർക്കലിന്‍റെ നോമിനിയായ ലെയനെ പിന്താങ്ങിയത്. വോട്ടെടുപ്പിന് മുൻപ് ലെയൻ തന്‍റെ കർമ്മപരിപാടിയെപ്പറ്റി പാർലമെന്‍റിൽ ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പാർലമെന്‍റ് അംഗങ്ങളുടെ പിൻന്തുണതേടി പ്രസംഗിച്ചതും ലെയന്‍റെ വിജയത്തെ സ്വാധീനിച്ചു.

യൂറോപ്യൻ യൂണിയനെ നയിക്കുന്ന ആദ്യ വനിത എന്ന സ്ഥാനം കൂടിയാണ് ഉർസുല സ്വന്തമാക്കുന്നത്. ഇതൊരു വലിയ ഉത്തരവാദിത്വമാണെന്നും തന്‍റെ ജോലി ഇപ്പോൾ തന്നെ ആരംഭിക്കുകയാണെന്നും ഉർസുല വ്യക്തമാക്കി.

യൂറോപ്യൻ പാർലമെന്‍റിന് മുൻതൂക്കാവകാശം നൽകാൻ ശ്രമിക്കുമെന്നും മാനുഷിക ഇടനാഴികളിലൂടെ അഭയം തേടാനുള്ള അവകാശം സംരക്ഷിക്കുമെന്നും തൊഴിലില്ലാത്തവർക്കായി ബോൾസ്റ്റർ നാഷണൽ ഇൻഷ്വറൻസ് പദ്ധതികൾക്ക് യൂറോപ്യൻ യൂണിയൻ ഇൻഷ്വറൻസ് സ്കീം നടപ്പിലാക്കുമെന്നും അവർ വാഗ്ദാനം ചെയ്തു.

നിലവിലുള്ള പ്രസിഡന്‍റ് ലുക്സംബർഗുകാരൻ ജീൻ ക്ലോദ് ജുങ്കർ സ്ഥാനമൊഴിയുന്ന നവംബർ ഒന്നിനാണ് ഉർസുല ചുമതല ഏറ്റെടുക്കുക. യൂറോപ്യൻ യൂണിയൻ നിമയങ്ങൾ തയാറാക്കുന്നതിന്‍റെയും നടപ്പാക്കുന്നതിന്‍റെയും ചുമതലകൾ യൂറോപ്യൻ കമ്മിഷനിൽ നിക്ഷിപ്തമാണ്. അനിവാര്യ സാഹചര്യങ്ങളിൽ അംഗരാജ്യങ്ങൾക്കു മേൽ പിഴ ചുമത്താനും ഇവർക്ക് അധികാരമുണ്ട്.

1958 ജനുവരി ഒന്നിനാണ് അധ്യക്ഷ പദവി നിലവിൽ വന്നത്. ബൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിലാണ് കമ്മീഷന്‍റെ ആസ്ഥാനം. 3,06,655 യൂറോയാണ് കമ്മീഷന്‍റെ വാർഷിക ശന്പളം.ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരികൂടിയായ ലെയൻ, കഴിഞ്ഞ 14 വർഷം മെർക്കൽ മന്ത്രിസഭയിൽ അംഗമായിരുന്നു.

2013 മുതൽ ജർമനിയുടെ പ്രതിരോധ മന്ത്രിയായ ഇവർ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2005 മുതൽ മെർക്കലിന്‍റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ ആളായി മെർക്കൽ മന്ത്രിസഭയിൽ മന്ത്രിയായ മെഡിസിനിൽ ബിരുദമുള്ള ഉർസുല ഏഴുകുട്ടികളുടെ മാതാവാണ്. ഭർത്താവ് ലെയനും ഡോക്ടറാണ്. ബ്രസൽസിൽ നിന്നും കുടിയേറിയതാണ് ലെയന്‍റെ കുടുംബം.

പുതിയ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്പ് ലെയൻ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട ലെയനെ യൂറോപ്യൻ നേതാക്കൾ അഭിനന്ദിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ