ഉർസുല ഫൊണ്‍ ഡെർ ലെയനെ സ്വാഗതം ചെയ്ത് മാധ്യമങ്ങൾ
Thursday, July 18, 2019 9:42 PM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജർമൻ പ്രതിരോധ മന്ത്രി ഉർസുല ഫൊണ്‍ ഡെർ ലെയന് സ്വാഗതം ചെയ്ത് യൂറോപ്യൻ മാധ്യമങ്ങൾ രംഗത്തുവന്നു. മാത്രവുമല്ല അവരെ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും മിക്ക മാധ്യമങ്ങളും ഓർമിപ്പിക്കുന്നു.

ജർമൻ ചാൻസലർ ആംഗല മെർക്കലിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനും മുന്നിൽ മറ്റു സാധ്യതകൾ ശേഷിച്ചിരുന്നില്ലെന്നാണ് ഉർസുലയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇറ്റാലിയൻ ദിനപത്രം ലാ സ്റ്റാന്പ അഭിപ്രായപ്പെടുന്നത്. യൂറോപ്യൻ ഐക്യം നാലുപാടും നിന്ന് ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്പോൾ ഉർസുലയെ കാത്തിരിക്കുന്ന അദ്ഭുതപൂർവമായ വെല്ലുവിളികളാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

യുഎസ്എയുമായും ചൈനയുമായും സാന്പത്തിക, സാങ്കേതിക, രാഷ്ട്രീയ മേഖലകളിൽ മത്സരിക്കാൻ യൂറോപ്പിനു സാധിക്കുമോ എന്നു വരുന്ന നാലു വർഷത്തിനുള്ളിലാണ് തീരുമാനിക്കപ്പെടുക എന്ന ജർമൻ ബിസിനസ് പത്രം ഹാൻഡൽസ്ബ്ലാറ്റ് മുന്നറിയിപ്പു നൽകുന്നു.

പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ ഉർസുലയ്ക്കു ലഭിച്ചത് നേരിയ ഭൂരിപക്ഷം മാത്രമായിരുന്നു എന്ന വസ്തുതയും മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടുന്നു. ഒന്പതു വോട്ട് മാത്രമായിരുന്നു 751 അംഗ യൂറോപ്യൻ പാർലമെന്‍റിൽ ഉർസുലയുടെ ഭൂരിപക്ഷം.

അതേസമയം, കൂടുതൽ വലിയ ഭൂരിപക്ഷം നേടാതിരുന്നത് മറ്റൊരു തരത്തിൽ ഉർസുലയ്ക്കു ഗുണകരമാകുമെന്നാണ് ജർമൻ പത്രമായ ഡൈ വെൽറ്റ് ചൂണ്ടിക്കാട്ടുന്നത്. വലതുപക്ഷത്തിന്‍റെ പിന്തുണയോടെ മാത്രമേ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നുള്ളൂ. അങ്ങെയൊരു പിന്തുണ നേടിയിരുന്നെങ്കിൽ ഭാവിയിൽ അവർക്കു മുന്നിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ഉർസുല നിർബന്ധിതയാകുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരം ബാധ്യതകളൊന്നും അവർക്കില്ലെന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.

ഇറ്റലിയുടെ സമ്മതത്തോടെ ജർമനിയും ഫ്രാൻസും തമ്മിൽ എത്തിച്ചേർന്ന ഒത്തുതീർപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉർസുല പ്രസിഡന്‍റാകുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്ക പറയുന്നത്. മുൻഗാമികളെക്കാൾ ഉർസുലയ്ക്ക് പിന്തുണ കുറവാണെന്നും അവർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ