ലഗേജ് കയറ്റിയില്ല; ജർമനിയിലെ വിമാനത്താവളത്തിൽ സംഘർഷം
Thursday, July 18, 2019 9:58 PM IST
ഡ്യുസൽഡോർഫ്: യാത്രക്കാരുടെ ലഗേജുകളൊന്നും കയറ്റാൻ സാധിക്കാതെ വിമാനങ്ങൾ സർവീസ് നടത്തിയതോടെ ഡ്യുസൽഡോർഫ് വിമാനത്താവളത്തിൽ സംഘർഷാവസ്ഥ. ഏകദേശം 2500 ലഗേജുകളാണ് വിമാനത്താവളത്തിൽ കെട്ടിക്കിടന്നത്.

ബാഗേജ് ഹാൻഡ് ലിംഗ് സംവിധാനത്തിൽ വന്ന സാങ്കേതിക തകരാറാണ് ഇതിനു കാരണമായത്. സ്കൂൾ അവധിക്കാലം തുടങ്ങിയ സമയത്ത് യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുന്പോഴാണ് ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്.

ലഗേജുകൾ മുഴുവൻ ചെക്കിൻ ഹാളിൽ കെട്ടിക്കിടക്കുകയായിരുന്നു. പുറപ്പെടുന്ന വിമാനങ്ങളിലേക്കൊന്നും ഇവ കയറ്റാൻ ജീവനക്കാർക്കു സാധിക്കുന്നുണ്ടായിരുന്നില്ല. രാവിലെ മൂന്നര മുതൽ നാലേമുക്കൽ വരെ അഞ്ചു മുതൽ ഏഴു വരെ ബാഗേജ് ഹാൻഡ് ലിംഗ് സംവിധാനങ്ങൾ തകരാറിലായിരുന്നുവെന്നാണ് സൂചന.

എന്നാൽ, ഇതു കാരണം വിമാനങ്ങളൊന്നും വൈകിയില്ല. ലഗേജുകൾ കയറ്റാതെ തന്നെ വിമാനങ്ങൾ പുറപ്പെടുകയായിരുന്നു. ഇനി ലഗേജുകളെല്ലാം മറ്റു വിമാനങ്ങളിൽ പ്രത്യേകം അയച്ചു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ