നഴ്സ് അമിതമായി ജോലി ചെയ്തതിന് ഫ്രഞ്ച് സർക്കാർ പൗരത്വം നിഷേധിച്ചു
Friday, July 19, 2019 10:59 PM IST
പാരീസ്: അമിതമായി ജോലി ചെയ്തു എന്ന കാരണത്താൽ വിദേശിയായ നഴ്സിന് ഫ്രഞ്ച് പൗരത്വം നിഷേധിച്ചത് ചൂടേറിയ ചർച്ചയാകുന്നു. ജോലി സമയത്തിന്‍റെ കാര്യത്തിൽ നിയമ ലംഘനം നടത്തി എന്നാണ് പൗരത്വ അപേക്ഷ പരിഗണിച്ച ഉദ്യോഗസ്ഥർ ഇതേകുറിച്ച് വിധിയെഴുതിയിരിക്കുന്നത്.

നഴ്സിന്‍റെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒരേ സമയം ഇവർ മൂന്നു ജോലികൾ ചെയ്തിരുന്നു എന്നാണ് കണ്ടെത്തൽ. ഇതുപ്രകാരം ആഴ്ചയിൽ 59 മണിക്കൂറും മാസത്തിൽ ശരാശരി 271 മണിക്കൂറുമാണ് ജോലി ചെയ്തിരുന്നത്. ഫ്രഞ്ച് നിയമ പ്രകാരം അവർ ഒരാഴ്ച പരമാവധി 48 മണിക്കൂറും ശരാശരി 44 മണിക്കൂറും മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ.

രണ്ടു വർഷം കഴിഞ്ഞേ ഇനി പൗരത്വത്തിന് അപേക്ഷിക്കാനും സാധിക്കൂ. നഴ്സിന്‍റെ സുഹൃത്ത് ഇതു സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയാകുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ