ഒലിവർ സിപ്സെ ബിഎംഡബ്ല്യു മേധാവി
Friday, July 19, 2019 11:08 PM IST
ബർലിൻ: ജർമനിയിലെ മ്യൂണിച്ച് ആസ്ഥാനമായുള്ള ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു കന്പനിയുടെ നിലവിലെ മേധാവി ഹരോൾഡ് ക്രൂഗറുടെ പിൻഗാമിയായി ഒലിവർ സിപ്സെ സിഇഒ ആയി നിയമിക്കപ്പെട്ടു. നാലു വർഷത്തെ സർവീസിനു ശേഷമാണ് ക്രൂഗർ കന്പനി വിട്ടത്. സിപ്സെ ഓഗസ്റ്റ് പതിനാറിന് ചുമതല ഏറ്റെടുക്കും.

നാലു വർഷമായി ബിഎംഡബ്ല്യു ബോർഡ് അംഗമാണ് സിപ്സെ. അടിസ്ഥാനപരമായി മെക്കാനിക്കൽ എൻജിനിയറാണ് ഈ അന്പത്തഞ്ചുകാരൻ. പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ ലോകവ്യാപകമായി ബിഎംഡബ്ല്യുവിനുള്ള 31 ഫാക്റ്ററികളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

നഷ്ടത്തിൽ ഓടുന്ന കന്പനിയെ ലാഭത്തിലെത്തിക്കുകയാണ് തന്‍റെ പ്രധാന ദൗത്യമെന്നും കന്പനി ഇനി കൂടുതൽ ഇലക്ട്രോ കാറുകൾ വിപണിയിലെത്തിക്കുമെന്നുംസിപ്സെ മാധ്യമങ്ങളെ അറിയിച്ചു.

നവംബറിൽ പുറത്തിറങ്ങുന്ന പുതിയ മിനി ഇലക്ട്രോ കാറിന്‍റെ എണ്ണം പ്രതിദിനം ഏഴായിരം ആയി ഉദ്പാദിപ്പിക്കാനാണ് കന്പനി ലക്ഷ്യമിടുന്നതെന്നും ഈ ഡിസംബറോടെ കന്പനിയുടെ മിനി ഇലക്ട്രോ കാറുകൾ ലോക വിപണിയിൽ മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ