ഗാർഹിക പീഡനത്തിനെതിരേ ഇറ്റലിയിൽ നിയമ നിർമാണം
Friday, July 19, 2019 11:19 PM IST
റോം: ഗാർഹിക പീഡനം തടയുക എന്ന ലക്ഷ്യത്തോടെ ഇറ്റാലിയൻ പാർലമെന്‍റ് പുതിയ നിയമം പാസാക്കി. സ്ത്രീ സമത്വം കൂടി വിശാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന നിയമം പക്ഷേ, ഇത്തരം പ്രശ്നങ്ങളുടെ മൂല കാരണം കാണാതെ പോകുന്നു എന്നും വിമർശനമുയരുന്നു.

കോഡ് റെഡ് എന്നാണ് ഈ നിയമം വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെ ഉയർന്ന നിരക്ക് കണക്കിലെടുത്ത് സർക്കാർ തയാറാക്കിയ ബിൽ സെനറ്റ് കൂടി പാസാക്കിയതോടെയാണ് നിയമമായി മാറിയത്.

സമീപകാലങ്ങളിലായി സ്ത്രീകളെ പങ്കാളികളോ മുൻ പങ്കാളികളോ കൊലപ്പെടുത്തുന്ന സംഭവങ്ങളിൽ അസാധാരണമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. 2006 മുതൽ 2016 വരെയുള്ള കണക്കനുസരിച്ച് രണ്ടു ദിവസത്തിൽ ഒരു സ്ത്രീയെങ്കിലും ഇത്തരത്തിൽ കൊല്ലപ്പെടുന്നു എന്നാണ് പോലീസിന്‍റെ കണക്ക്.

പുതിയ നിയമം അനുസരിച്ച്, സ്ത്രീകളെ കൊല്ലുന്നവർക്കും പീഡിപ്പിക്കുന്നവർക്കും കൂടുതൽ വലിയ പിഴയും കൂടുതൽ ദീർഘമായ തടവുമാണ് വ്യവസ്ഥ ചെയ്യുന്നത്. ആസിഡ് ആക്രമണം, പ്രതികാരത്തിനായി ബലാത്സംഗം ചെയ്യൽ തുടങ്ങിയവയെല്ലാം നിയമത്തിന്‍റെ പരിധിയിൽ വരും.

പുരുഷ മേധാവിത്വ സമൂഹം സ്ത്രീകൾക്കെതിരേ വച്ചു പുലർത്തുന്ന അധികാര വിവേചനമാണ് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അടിസ്ഥാന കാരണമെന്നും അതു പരിഹരിക്കുന്നതിനുള്ള നടപടികളിൽ നിയമത്തിൽ ഇല്ലെന്നുമാണ് വിമർശകരുടെ വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ