പുതിയ വെല്ലുവിളി ഏറ്റെടുത്ത് അന്നഗ്രെറ്റ്
Friday, July 19, 2019 11:22 PM IST
ബർലിൻ: ജർമനിയുടെ പുതിയ പ്രതിരോധ മന്ത്രിയായി സിഡിയു നേതാവ് അന്നഗ്രെറ്റ് ക്രാന്പ് കാറൻബോവർ സ്ഥാനമേറ്റു. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഉർസുല ഫൊണ്‍ ഡെർ ലെയൻ ചുമതല അന്നഗ്രെറ്റിനു കൈമാറിയത്.

യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്‍റായി ഉർസുല തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് എകെകെ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയാകുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് തന്‍റെ പിൻഗാമിയായി മെർക്കൽ നേരത്തെ തന്നെ അന്നഗ്രെറ്റിനു നിർദേശിച്ചിരുന്നതാണ്.

ഭരണ പദവികളിൽ നിന്നു മാറി നിന്ന് പാർട്ടിയെ വളർത്തുന്നതിൽ ശ്രദ്ധിക്കാനാണ് അവർ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതെങ്കിലും ഒടുവിൽ പ്രതിരോധ വകുപ്പ് ഏറ്റെടുക്കാനുള്ള മെർക്കലിന്‍റെ ക്ഷണം സ്വീകരിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി യെൻസ് സ്പാൻ പ്രതിരോധ വകുപ്പിലേക്കു മാറുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് അന്നഗ്രെറ്റിന്‍റെ സ്ഥാനോരോഹണം.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ