കാൽ മുറിച്ചുമാറ്റിയ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റിൽ: വയോധികൻ നിയമ നടപടിക്ക്
Saturday, July 20, 2019 8:57 PM IST
പാരീസ്: കാൽ മുറിച്ചു മാറ്റിയ നിലയിലുള്ള തന്‍റെ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റിൽ ഉപയോഗിച്ചതിനെതിരേ അറുപതുകാരൻ നിയമ നടപടിക്കൊരുങ്ങുന്നു. കിഴക്കൻ ഫ്രാൻസിൽ നിന്നുള്ളയാളാണ് പരാതിക്കാരൻ.

പുകവലിക്കെതിരായ മുന്നറിയിപ്പിന്‍റെ ഭാഗമായാണ് പായ്ക്കറ്റിൽ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പുകവലി കാരണം രക്ത ധമനികളിൽ തടസമുണ്ടാകുമെന്ന മുന്നറിയിപ്പും ഒപ്പം നൽകിയിട്ടുണ്ട്. എന്നാൽ, മുഖം ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല.

മുൻപ് ഇന്ത്യയിലെ സിഗരറ്റ് പായ്ക്കറ്റുകളിൽ ഇംഗ്ലണ്ട് ഫുട്ബോൾ താരം ജോണ്‍ ടെറിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരേ അദ്ദേഹം നിയമ നടപടിയെടുത്തിരുന്നു.

പുതിയ പരാതിയിൽ, പരാതിക്കാരന്‍റെ അഭിഭാഷകൻ യൂറോപ്യൻ കമ്മീഷനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പരാതിക്കാരന്‍റെ മകനാണ് തന്‍റെ അച്ഛന്‍റെ ചിത്രം തിരിച്ചറിഞ്ഞത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ