വില്പനയിൽ വോൾവോയ്ക്ക് റിക്കാർഡ്; ലാഭത്തിൽ ഇടിവ്
Saturday, July 20, 2019 9:04 PM IST
സ്റ്റോക്ക്ഹോം: ചൈനീസ് കന്പനിയുടെ അധീനതയിലുള്ള സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോയ്ക്ക് ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ റിക്കാർഡ് വില്പന. അതേസമയം, വില കുറയുന്നതും അമേരിക്കയുടെ അധിക നിരക്കുകളും കാരണം ലാഭത്തിൽ കുറവും നേരിട്ടു.

വർഷത്തിന്‍റെ ആദ്യ ആറു മാസം 340,286 കാറുകളാണ് വോൾവോ ലോകത്താകമാനം വിറ്റഴിച്ചത്. വാർഷിക താരതമ്യത്തിൽ 7.3 ശതമാനം വർധനയാണിത്. വില്പനയിലൂടെ ലഭിച്ച വരുമാനത്തിൽ 130 ബില്യൺ സ്വീഡിഷ് ക്രോണറിന്‍റെ വർധനയും രേഖപ്പെടുത്തുന്നു. അതേസമയം, പ്രവർത്തന ലാഭത്തിൽ മുപ്പതു ശതമാനം കുറവാണു വന്നിരിക്കുന്നത്. അതായത് 5.5 ബില്യൺ സ്വീഡിഷ് ക്രോണറിന്‍റെ കുറവ്.

2010ലാണ് വോൾവോയെ ഫോർഡിൽ നിന്ന് ചൈനീസ് കന്പനിയായ ഗീലി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം ആറു ലക്ഷം കാറുകൾ വിറ്റ് കന്പനി റിക്കാർഡ് സൃഷ്ടിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ