ഗാര്‍ഹിക പീഡനത്തിനെതിരേ ഇറ്റലിയില്‍ നിയമ നിര്‍മാണം
Monday, July 22, 2019 5:07 PM IST
റോം: ഗാര്‍ഹിക പീഡനം തടയുക എന്ന ലക്ഷ്യത്തോടെ ഇറ്റാലിയന്‍ പാര്‍ലമെന്റ് പുതിയ നിയമം പാസാക്കി. സ്ത്രീ സമത്വം കൂടി വിശാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്ന നിയമം പക്ഷേ, ഇത്തരം പ്രശ്‌നങ്ങളുടെ മൂല കാരണം കാണാതെ പോകുന്നു എന്നും വിമര്‍ശനമുയരുന്നു.

കോഡ് റെഡ് എന്നാണ് ഈ നിയമം വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ ഉയര്‍ന്ന നിരക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ തയാറാക്കിയ ബില്‍ സെനറ്റ് കൂടി പാസാക്കിയതോടെയാണ് നിയമമായി മാറിയത്.

സമീപകാലങ്ങളിലായി സ്ത്രീകളെ പങ്കാളികളോ മുന്‍ പങ്കാളികളോ കൊലപ്പെടുത്തുന്ന സംഭവങ്ങളില്‍ അസാധാരണ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2006 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് രണ്ടു ദിവസത്തില്‍ ഒരു സ്ത്രീയെങ്കിലും ഇത്തരത്തില്‍ കൊല്ലപ്പെടുന്നു എന്നാണ് പോലീസിന്റെ കണക്ക്.

പുതിയ നിയമം അനുസരിച്ച്, സ്ത്രീകളെ കൊല്ലുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും കൂടുതല്‍ വലിയ പിഴയും കൂടുതല്‍ ദീര്‍ഘമായ തടവുമാണ് വ്യവസ്ഥ ചെയ്യുന്നത്. ആസിഡ് ആക്രമണം, പ്രതികാരത്തിനായി ബലാത്സംഗം ചെയ്യല്‍ തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നു.

പുരുഷ മേധാവിത്വ സമൂഹം സ്ത്രീകള്‍ക്കെതിരേ വച്ചു പുലര്‍ത്തുന്ന അധികാര വിവേചനമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണമെന്നും അതു പരിഹരിക്കുന്നതിനുള്ള നടപടികളില്‍ നിയമത്തില്‍ ഇല്ലെന്നുമാണ് വിമര്‍ശകരുടെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍