സ്മിത ആന്റണിക്ക് ബാലഭാസ്‌കര്‍ ചാരിറ്റബിള്‍ സൊസൈറ്റി അവാര്‍ഡ്
Sunday, July 28, 2019 3:34 PM IST
സിഡ്‌നി: സിഡ്‌നിയിലെ കലാരംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ സ്മിതാ ആന്റണി തിരുവനന്തപുരം സാന്ദ്രാ കള്‍ചറല്‍ അക്കാഡമിയുടെ വിസ്മയ ബാലഭാസ്‌കര്‍ അവാര്‍ഡിന് അര്‍ഹയായി. സംഗീതം നിറഞ്ഞ കുടുംബത്തില്‍ നിന്നും വരുന്ന സ്മിതാ ആന്റണിയുടെ മികവ് ഒഴുകുന്നതും വയലിന്‍ തന്ത്രികളില്‍ തന്നെ '. സ്മിതയുടെ അച്ഛന്‍ എം.ജെ.ആന്റണിയും അദ്ദേഹത്തിന്റെ സഹോദരങ്ങളുമൊക്കെ വയലിന്‍ വാദകരാണ്.ഏഴാം വയസിലാണ് സ്മിത വയലിന്‍ അഭ്യസിച്ചു തുടങ്ങിയത്.'

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സ്മിതയും കുടുംബവും താമസിക്കുന്നത്.വെസ്റ്റേണ്‍ ക്‌ളാസിക്കല്‍ വയലിനിസ്റ്റായ സ്മിതയുടെ ആദ്യ ഗുരു അച്ഛന്‍ എം.ജെ. ആന്റണിയാണ്. പിന്നീട് ബന്ധുകൂടിയായ എം.ജെ.മൈക്കിളാണ് അഭ്യസന പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത്. ഓള്‍ ഇന്ത്യ റേഡിയോയിലും നഗരത്തിലെ മറ്റ് വേദികളിലും സംഗീതം തുളുമ്പി നിന്ന ആ നാളുകള്‍ സ്മിതയ്ക്ക് ഏറെ പ്രിയപ്പെട്ട സ്മരണകളാണ് നേടി കൊടുത്തിട്ടുള്ളത്. സ്‌റ്റേജ് പെര്‍ഫോമന്‍സുകളില്‍ വെസ്റ്റേണ്‍ ക്‌ളാസ്സിക് സംഗീതത്തോടൊപ്പം സദസ്യര്‍ക്ക് ഏറെ ഇഷ്ടമുള്ള പോപ്പുലര്‍ നമ്പറുകള്‍ അവതരിപ്പിച്ച് സ്മിത കയ്യടി നേടുക പതിവാണ്.പട്ടം സെന്റ്.മേരീസ് സ്‌കൂളിലെയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ് സ്മിത ആന്റണി.ബാലഭാസ്‌ക്കറെ അന്നേ പരിചയമുണ്ട് സ്മിതയ്ക്ക്. ബാലഭാസ്‌ക്കറെ വെസ്റ്റേണ്‍ വയലിന്‍ കുറച്ചു നാള്‍ പഠിപ്പിച്ചത് സ്മിതയുടെ സഹോദരി സജനി ആന്റണി ആണ്. തിരുവനന്തപുരത്തെ യൂത്ത് ഫെസ്റ്റിവല്‍ വേദികളിലെ പരിചയമായിരുന്നു അതിന് പിന്നില്‍.

മെഹ്‌റിന്‍ ഷബീറിന്റെ 'തുള്ളി' എന്ന ഷോര്‍ട് ഫിലിമിന് സംഗീതം പകര്‍ന്നത് സ്മിതയാണ്. ബാലഭാസ്‌കറിന്റെ സ്മരണയിലുള്ള അവാര്‍ഡ് നേട്ടം സ്മിതയെ ഓസ്‌ട്രേലിയന്‍ മലയാളികള്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ബാലഭാസ്‌കറിന്റെ സ്മരണയിലുള്ള ആദ്യത്തെ അവാര്‍ഡിനര്‍ഹയായ സ്മിത ആന്റണിയെ ഓസ്‌ട്രേലിയായിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ അഭിനന്ദിച്ചു.