ബന്ദിപ്പുരിൽ വീണ്ടും കടുവയുടെ ജഡം കണ്ടെത്തി
Thursday, August 1, 2019 10:35 PM IST
ബംഗളൂരു: ബന്ദിപ്പുർ കടുവാസങ്കേതത്തിൽ വീണ്ടും കടുവയുടെ ജഡം കണ്ടെത്തി. ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്സ് (ജെഎൽആർ) പരിസരത്ത് ഇന്നലെ പുലർച്ചെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള ബന്ദിപ്പുരിൽ ഈവർഷം ഇതുവരെ അഞ്ച് കടുവകളാണ് ചത്തത്.

വാഹനമിടിച്ചതോ മുള്ളൻപന്നിയെ പിടിക്കുന്നതിനിടെ പരിക്കേറ്റതോ ആകാം കടുവയുടെ മരണകാരണമെന്ന് കടുവാസങ്കേതം അധികൃതർ അറിയിച്ചു. അതേസമയം, കടുവയുടെ നഖത്തിന്‍റെ ഭാഗങ്ങളും രോമങ്ങളും അടുത്തുള്ള റോഡിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ് അസിസ്റ്റന്‍റ് കൺസർവേറ്റർ രവികുമാർ, റേഞ്ച് ഓഫീസർ ശ്രീനിവാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഈമാസമാദ്യം, മദ്ദൂർ റേഞ്ചിൽ ഒമ്പതുവയസ് തോന്നിക്കുന്ന കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. ജൂണിൽ കേരളവുമായി അതിർത്തി പങ്കിടുന്ന മൂളെഹോളെ റേഞ്ചിലും മേയിൽ പാർവതി ബേട്ടയിലും ജനുവരിയിൽ ബേഗൂർ റേഞ്ചിലും ഇത്തരത്തിൽ കടുവയുടെ ജഡം കണ്ടെത്തിയിരുന്നു.