പി. മോഹനദാസിനും അഭിലാഷ് പി. ജോണിനും പ്രവാസി ലീഗൽ സെൽ പുരസ്കാരം
Wednesday, August 14, 2019 8:33 PM IST
ന്യൂ ഡൽഹി: പ്രവാസി ലീഗൽ സെൽ ഏർപ്പെടുത്തിയ എ.എം. തോമസ് മെമ്മോറിയൽ പുരസ്കാരത്തിന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ്, മനോരമ ന്യൂസ് പ്രൊഡ്യൂസറായ അഭിലാഷ് പി. ജോൺ എന്നിവർ അർഹരായി. 15000 രൂപയും പ്രശസ്തി പത്രവും മുദ്രയും അടങ്ങിയതാണ് പുരസ്കാരം.

ഓഗസ്റ്റ് 18 ന് വൈകുന്നേരം 4.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന പ്രവാസി ലീഗൽ സെൽ ശതാപ്തി ആഘോഷ ചടങ്ങിൽ വച്ച് കേന്ദ്ര പ്രവാസികാര്യമന്ത്രി വി. മുരളീധരൻ പുരസ്കാരം സമർപ്പിക്കും.

പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് പുരസ്കാരം.

സാധാരണക്കാരുടെയും പ്രത്യേകിച്ച് പ്രവാസികളുടെയും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി ജനപക്ഷത്തുനിന്നുള്ള പി. മോഹനദാസിന്‍റെ സേവനങ്ങൾ നിസ്തുലവും രചനാത്മകവുമാണെന്ന് പുരസ്‌കാര നിർണയ സമിതി അദ്ധ്യക്ഷൻ ജസ്റ്റീസ് സി. എസ്. രാജൻ, ലിഡാ ജേക്കബ് ഐഎഎസ്, ഫാ. റോബി കണ്ണഞ്ചിറ എന്നിവർ വിലയിരുത്തി.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഡോക്യുമെന്‍ററികളിലൂടെ അവരുടെ പ്രശ്നങ്ങൾ മനോരമ ന്യൂസിലൂടെ ഹൃദയസ്പർശിയായി ജനങ്ങളിലെത്തിക്കാൻ അഭിലാഷ് പി ജോണിന് കഴിഞ്ഞിട്ടുണ്ട്. “മക്കൾ അറിയാൻ അമ്മ” എന്ന ദൃശ്യാവിഷ്കാരം പ്രവാസ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പ്രവാസികളുടെ അവകാശ സംരക്ഷണ രംഗത്തും ക്ഷേമത്തിനുവേണ്ടി മാധ്യമപ്രവർത്തകൻ എന്ന നിലയിൽ അഭിലാഷ് പി ജോണിന്‍റെ ഇടപെടലുകൾ പ്രശംസനീയമാണെനും സമിതി വിലയിരുത്തി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്