ബ്രെക്സിറ്റ്: അയർലൻഡിനെ വച്ച് വിലപേശാൻ ബോറിസ് ജോണ്‍സണ്‍
Wednesday, August 14, 2019 9:02 PM IST
ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ തിരുത്താൻ തയാറല്ലെന്ന നിലപാടിൽ നിന്ന് യൂറോപ്യൻ യൂണിയനെ പിന്തിരിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അയർലൻഡിനെ വച്ച് വിലപേശാൻ തയാറെടുക്കുന്നു എന്ന് സൂചന.

കരാറുണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചിത സമയത്ത് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാൽ, കരാറില്ലാതെയാണ് ബ്രെക്സിറ്റ് നടപ്പാകുന്നതെങ്കിൽ അത് അയർലൻഡിന്‍റെ താത്പര്യങ്ങൾക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്നും ഇതു മനസിലാക്കി യൂറോപ്യൻ യൂണിയൻ കരാർ പുതുക്കാൻ നിർബന്ധിതമാകുമെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കണക്കുകൂട്ടൽ.

ബ്രെക്സിറ്റ് വിഷയം ചർച്ച ചെയ്യാൻ സ്പെറ്റംബറിൽ ബോറിസ് ജോണ്‍സണ്‍ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കറെ കാണുന്നുണ്ട്. ഐറിഷ് അതിർത്തി ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ നിലവിലുള്ള കരാറിൽ നിന്ന് ഒഴിവാക്കണമെന്നാണ് ബോറിസിന്‍റെ നിലപാട്. യൂറോപ്യൻ യൂണിയൻ ഇത് അംഗീകരിക്കുന്നുമില്ല. അയർലൻഡും ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നിലപാടിനൊപ്പമാണ്.

ഇതിനിടെ, കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതു തടയാൻ ഒരു സംഘം എംപിമാർ സ്വീകരിച്ചിരിക്കുന്ന നിയമ നടപടി സെപ്റ്റംബറിൽ പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്.

യുഎസിന്‍റെ വ്യാപാര കരാർ പരിഗണനകളിൽ യുകെയ്ക്കാണ് പ്രഥമ സ്ഥാനം നൽകാൻ പോകുന്നതെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടന്‍റെ പ്രസ്താവനയും ബോറിസ് ജോണ്‍സന് അനുകൂല ഘടകമായിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ