പ്രവാസി ലീഗൽ സെൽ ദശാബ്ദിയാഘോഷം വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും
Friday, August 16, 2019 9:50 PM IST
ന്യൂ ഡൽഹി: പ്രവാസി ലീഗൽ സെൽ ദശാബ്ദി ആഘോഷം ഓഗസ്റ്റ് 18 ന് (ഞായർ) വൈകുന്നേരം 4. 30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ കേന്ദ്ര പ്രവാസികാര്യ മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പദ്ധതികളുടെ ഉദ്ഘാടനം വി. മുരളീധരനും ലോഗോ പ്രകാശനം ഹൈബി ഈഡൻ എംപി യും നിർവഹിക്കും.

പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനും ഏർപ്പെടുത്തിയ പ്രവാസി ലീഗൽ സെൽ എ.എം തോമസ് മെമ്മോറിയൽ പുരസ്കാരങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസിനും മനോരമ ന്യൂസിലെ സീനിയർ പ്രൊഡ്യൂസർ അഭിലാഷ് പി. ജോണിനും ചടങ്ങിൽ വി. മുരളീധരൻ സമ്മാനിക്കും. 15000 രൂപയും പ്രശസ്തി പത്രവും മുദ്രയും അടങ്ങുന്നതാണ് പുരസ്കാരം.

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അനുസ്മരണപ്രസംഗം ജസ്റ്റീസ് സി.എസ്. രാജൻ നിർവഹിക്കും. പ്രവാസി ലീഗൽ സെൽ ദേശീയ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ പ്രസിഡന്‍റ് അഡ്വ .ഡി.ബി. ബിനു, ജനറൽ സെക്രട്ടറി സെജി മൂത്തേരിൽ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്