സാൻഹോസെ സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ തിരുനാൾ ഭക്തിസാന്ദ്രമായി
Saturday, August 24, 2019 7:34 PM IST
കലിഫോർണിയ: സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ ഭക്തി സാന്ദ്രമായി.

വെള്ളിയാഴ്ച വികാരി ഫാ. സജി പിണർക്കയിൽ കൊടിയേറ്റിയതോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് റവ. ഡോ. ബിബി തറയിൽ മുഖ്യകാർമികത്വം വഹിച്ചു. പരേതര അനുസ്മരിച്ചു നടന്ന വേസ്പരയ്ക്ക് ഫാ. ഏബ്രഹാം കളരിക്കൽ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ തിരുക്കർമങ്ങൾ സമാപിച്ചു.

വൈകുന്നേരം നടന്ന വിശുദ്ധ കുർബാനക്ക് ഫാ. ഏബ്രഹാം മുത്തോലത്ത് കാർമികത്വം വഹിച്ചു. തുടർന്നു നടന്ന കലാസന്ധ്യക്ക് വിവിൻ ഓണശേരിൽ നേതൃത്വം നൽകി.

ഞായറാഴ്ച നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ബോബൻ വട്ടപുറത്ത് മുഖ്യകാർമികത്വം വഹിച്ചു. ഫാ. അലക്സ് വിരുത്തികൊളങ്ങര സന്ദേശം നൽകി. തുടർന്നു പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.

തിരുനാളിനോടുബന്ധിച്ച് പതിവിൽനിന്നും വ്യത്യസ്തമായി ഈ വർഷം ഏലയ്ക്കാ മാല, മുയൽ, കോഴി, വാഴക്കൊല, ആട് എന്നിങ്ങനെ നിരവധി നേർച്ച സാധനങ്ങളുടെ ലേലം നടന്നു. ഇതിൽനിന്നും ലഭിച്ച തുക നാട്ടിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.