കനിവോടെ കന്നഡനാട്; കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിൽ രണ്ടാം സ്ഥാനത്ത്
Tuesday, August 27, 2019 12:26 AM IST
ബംഗളൂരു: അനാഥക്കുഞ്ഞുങ്ങൾക്ക് അഭയമേകുന്ന കാര്യത്തിൽ മാതൃകയായി കന്നഡജനത. രാജ്യത്ത് 2018-19 കാലയളവിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കാര്യത്തിൽ രണ്ടാംസ്ഥാനത്താണ് കർണാടക. 237 കുഞ്ഞുങ്ങളാണ് ഈ കാലയളവിൽ സനാഥരായത്. 695 കുട്ടികളുമായി മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. ഒഡീഷ (208), തമിഴ്നാട് (193), ഉത്തർ പ്രദേശ് (174) എന്നീ സംസ്ഥാനങ്ങളാണ് കർണാടകയ്ക്കു തൊട്ടുപിന്നിൽ.

ദേശീയ കണക്കുകളിലെ പ്രവണതകൾ പോലെതന്നെ കർണാടകയിലും പെൺകുട്ടികളെയാണ് കൂടുതലും ദത്തെടുത്തത്. 130 പെൺകുട്ടികൾ ദത്തെടുക്കപ്പെട്ടപ്പോൾ 107 ആൺകുട്ടികളാണ് ദത്തെടുക്കപ്പെട്ടത്. രാജ്യത്ത് ഈ കാലയളവിൽ ആകെ 3,374 കുട്ടികൾ ദത്തെടുക്കപ്പെട്ടതിൽ 1,977 പെൺകുട്ടികളും 1,397 പെൺകുട്ടികളുമാണുള്ളത്.

അതേസമയം, ദത്തെടുക്കലിന്‍റെ കാര്യത്തിൽ ദേശീയ ശരാശരിയിൽ മുൻവർഷത്തേക്കാൾ മൂന്നു ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ കർണാടകയിൽ 19 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. 2017-18 കാലയളവിൽ 294 കുട്ടികളെയാണ് കർണാടകയിൽ ദത്തെടുത്തത്. 2016-17 വർഷം ഇത് 252 ആയിരുന്നു.