മലയാളികളുടെ ഓണം ദേശത്തിന് മാതൃക: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
Saturday, September 28, 2019 2:20 PM IST
ബംഗളൂരു: ലോകമെമ്പാടും മലയാളികള്‍ ആഘോഷിക്കുന്ന ഓണം ദേശത്തിന് മാതൃകയാണെന്നും ജാതിമത വര്‍ഗ വര്‍ണ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് ആഘോഷിക്കുന്ന ഓണം ദേശത്തിന്‍റെ ആഘോഷമായി മാറ്റണമെന്നും കേന്ദ്രമന്ത്രി സദാനന്ദഗൗഡ അഭിപ്രായപ്പെട്ടു. കേരള സമാജം കന്‍റോൺമെന്‍റ് സോണ്‍, ആര്‍ടി നഗര്‍ തരളബാലു കേന്ദ്രയില്‍ സംഘടിപ്പിച്ച ഓണമഹോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളസമാജം കന്‍റോൺമെന്‍റ് സോണ്‍ ചെയര്‍പേഴ്സൺ രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം തന്‍വി റാം, കേരള സമാജം ഐഎഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാര്‍ ഐആര്‍എസ്, കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, കോര്‍പറേറ്റര്‍ നാഗരാജ്, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ.പി.എസ്. സുരേന്ദ്രന്‍, ഹരികുമാര്‍, വി. മുരളീധരന്‍, വനിതാ വിഭാഗം ചെയര്‍പേഴ്സൺ ലൈല രാമചന്ദ്രന്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ സുജിത് ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിയാലിറ്റി മത്സര വിജയി നീതു സുബ്രഹ്മണ്യം, ടോപ് സ്റ്റാര്‍ സിംഗര്‍ കൃഷ്ണ ദിയ , ഡോ ലൈല രാമചന്ദ്രന്‍, ഋതിക മനോജ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കേരള സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഓണസദ്യ, പിന്നണി ഗായകന്‍ വിധു പ്രതാപും സംഘവും നയിച്ച ഗാനമേള എന്നിവയും നടന്നു.