തൃപ്തിയില്ല, പക്ഷേ, ചർച്ചയാകാം: പുതിയ ബ്രെക്സിറ്റ് കരാറിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ
Saturday, October 5, 2019 8:45 PM IST
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നോട്ടു വച്ച പുതിയ ബ്രെക്സിറ്റ് കരാറിൽ യൂറോപ്യൻ യൂണിയനു പൂർണ തൃപ്തിയില്ലെന്ന് സൂചന. എന്നാൽ, കരാറിൻമേൽ ചർച്ചകൾ തുടരാൻ തയാറാണെന്ന് യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ മേധാവി ഡോണൾഡ് ടസ്ക് അറിയിച്ചു.

ടസ്ക് അടക്കം യൂറോപ്യൻ യൂണിയനിലെ പല മുതിർന്ന നേതാക്കളും സംശയത്തോടെയാണ് പുതിയ കരാറിനെ കാണുന്നത്. ഐറിഷ് ബാക്ക് സ്റ്റോപ്പ് ഒഴിവാക്കുന്നതടക്കം സുപ്രധാന മാറ്റങ്ങളുമായാണ് കരാർ തയാറാക്കിയിരിക്കുന്നത്.

ഇതു പ്രകാരം വടക്കൻ അയർലൻഡിനെ യൂറോപ്യൻ യൂണിയന്‍റെ ഏകീകൃത വിപണിയിൽ തുടരാൻ അനുവദിക്കുകയും എന്നാൽ, കസ്റ്റംസ് യൂണിയനിൽ നിന്നു പിൻവലിക്കുകയും ചെയ്യും. അങ്ങനെ വരുന്പോൾ അയർലൻഡിനും വടക്കൻ അയർലൻഡിനുമിടയിലെ അതിർത്തിയിൽ എന്തു സംഭവിക്കും എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്.

പുതിയ കരാർ അവതരിപ്പിച്ചത് സ്വാഗതാർഹമാണെങ്കിലും പല കാര്യങ്ങളിലും അപര്യാപ്തതയുള്ളതായാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ അഭിപ്രായപ്പെട്ടത്.

പിൻമാറ്റ കരാർ മെച്ചപ്പെടുത്താൻ ബോറിസിന് ഒരാഴ്ച സമയം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതുതായി അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാറിൽ മാറ്റം വരുത്താൻ യൂറോപ്യൻ യൂണിയൻ ഒരാഴ്ച സമയ പരിധി നിശ്ചയിച്ചു. ഇതിനുള്ളിൽ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ കരാർ പുതുക്കണമെന്നാണ് അന്ത്യശാസനം.

ഇതിനിടെ, യൂറോപ്യൻ തലസ്ഥാനങ്ങളിൽ മിന്നൽ പര്യടനങ്ങൾ നടത്തി പുതിയ കരാറിനു പിന്തുണ ആർജിക്കാനുള്ള പദ്ധതികളാണ് ബോറിസ് ജോണ്‍സണ്‍ തയാറാക്കിയിരിക്കുന്നത്.

ഐറിഷ് ബാക്ക്സ്റ്റോപ്പ് ഒഴിവാക്കിയാണ് ബ്രിട്ടൻ പുതിയ കരാർ യൂറോപ്യൻ യൂണിയനു നൽകിയിരിക്കുന്നത്. ഇതിലാണ് പ്രധാന വിയോജിപ്പും നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ പരസ്യമായി ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും പരോക്ഷമായി നേതാക്കൾ അതൃപ്തി വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ 11നുള്ളിൽ വ്യവസ്ഥകൾ കൂടുതൽ സ്വീകാര്യമാക്കാനാണ് പുതിയ നിർദേശമെന്ന് സൂചന. പുരോഗതിയുണ്ടായില്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റിനു വീണ്ടും സാധ്യതയേറും.

31 നു തന്നെ ബ്രെക്സിറ്റെന്ന് ബോറിസ്; പക്ഷേ, രേഖകൾ പറയുന്നത് മറിച്ച്

മുൻ നിശ്ചയ പ്രകാരം ഈ മാസം 31 നു തന്നെ ബ്രെക്സിറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവർത്തിക്കുന്നു. എന്നാൽ, നിയമപരമായ രേഖകളിൽ കാണുന്നത് മറിച്ചും.

സർക്കാർ തന്നെ തയാറാക്കിയ രേഖകൾ അനുസരിച്ച്, ഒക്ടോബർ 19നു മുൻപ് പിൻമാറ്റ കരാർ തയാറായിട്ടില്ലെങ്കിൽ ബ്രെക്സിറ്റ് നീട്ടി വയ്ക്കാൻ പ്രധാനമന്ത്രി തന്നെ തയാറാകുമെന്നാണ് വ്യക്തമാകുന്നത്. സ്കോട്ടിഷ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് രേഖയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

ബെൻ ആക്റ്റ് പ്രകാരം ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെടാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇക്കാര്യം പുറത്തുവന്നിട്ടും ഒക്ടോബർ 31നു തന്നെ യൂണിയൻ വിടുമെന്ന പരസ്യ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോണ്‍സണ്‍.

കരാറില്ലാത്ത ബ്രെക്സിറ്റിനോടു താത്പര്യമില്ലെന്നും, നീട്ടി വെയ്ക്കുന്നതിനോടാണ് താത്പര്യമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറും പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ