ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷൻ 24 നു റെയിൻഹാമിൽ; കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ
Friday, October 11, 2019 8:29 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന മൂന്നാമത്
ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷൻ ഒക്ടോബർ 24 നു (വ്യാഴം) ലണ്ടനിലെ റെയിൻഹാമിൽ നടക്കും. ഔർ ലേഡി ഓഫ് ലാ സലൈറ്റ്‌ ദേവാലയത്തിലും ഹാളുകളിലുമായി നടത്തപ്പെടുന്ന കൺവൻഷൻ രാവിലെ 9 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കും. തിരുവചന ശുശ്രുഷകൾ വൈകുന്നേരം 5 ന് സമാപിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ പൗരോഹിത്യ കർമ്മമേഖലയുടെ 'അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം' എന്ന ദൈവീക പദ്ധതിയുടെ ഭാഗമായി നടത്തുന്ന റീജണൽ കൺവൻഷനുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്.

അനുഗ്രഹീത ശുശ്രൂഷകൻ ഫാ. ജോർജ് പനക്കൽ ആണ് കൺവൻഷൻ നയിക്കുന്നത്. ഡിവൈൻ ടീമിന്‍റെ ധ്യാന ഗുരുക്കളായ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്‍റണി പറങ്കിമാലിൽ
എന്നിവരും ശുശ്രുഷകളിൽ പങ്കു ചേരും.

അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുന്ന തിരുവചന ശുശ്രുഷകളിൽ പങ്കു ചേരുവാനും നവീകരണവും കൃപാവരങ്ങളും പ്രാപിക്കുവാനും ഒക്ടോബർ 24 നു നടക്കുന്ന ലണ്ടൻ കൺവെൻഷനിലേക്കു കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റിയൻ ചാമക്കാലായിൽ, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.ജോസഫ് കടുത്താനം, ഫാ.ജോഷി, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട് അടക്കം വൈദികരും ട്രസ്റ്റികളും ക്യാറ്റക്കിസം അദ്ധ്യാപകരും മാതൃവേദി, ഭക്തസംഘടനാ പ്രതിനിധികളും അടങ്ങുന്ന കൺവൻഷൻ സംഘാടക സമിതി ഏവരെയും സസ്നേഹം സ്വാഗതം ചെയ്തു

ഫാ. ജോസ് അന്ത്യാംകുളം (07472801507)

പള്ളിയുടെ വിലാസം: Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ