സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി ... ഏറ്റവും പുതിയ മരിയ ഗാനം വൻ ഹിറ്റിലേയ്ക്ക്
Saturday, October 19, 2019 8:37 PM IST
ലണ്ടൻ: ക്രിസ്തീയ ഭക്തിഗാനശാഖയ്ക്ക് മുതൽക്കൂട്ടായി ഹൃദയം നിറയ്ക്കുന്ന ഗാനവുമായി ജോസ് കുന്പിളുവേലിയും ഫാ. മാത്യൂസ് പയ്യപ്പള്ളിയും ആദ്യമായി ഒന്നിച്ച മരിയഭക്തിഗാന സിംഗിൾ ആൽബം ’അമ്മയെന്ന സത്യം’ ജനഹൃദയങ്ങളിൽ ചേക്കേറുക മാത്രമല്ല വൻ ഹിറ്റിലേയ്ക്ക്.

പേറ്റുനോവറിയുംവരെ പ്രാണന്‍റെ പ്രാണനായി … ആറ്റുനോറ്റു നോന്പിരിക്കും എന്‍റെ അമ്മേ നീ ഭാഗ്യവതി … അമ്മേ നിൻ പ്രാർത്ഥനയിൽ മാതൃഭക്തി നിറഞ്ഞിരിക്കും …. ഈ വരികൾ കേട്ടാൽ ആരുടെ മനസാണ് ആർദ്രമാവാത്തത്.. അമ്മയുടെ സാമീപ്യം കൊതിക്കാത്തത് ... അമ്മയെ ഓർക്കാത്തത് .. അമ്മയെ ധ്യാനിയ്ക്കാത്തത്. മനസ്സിൽ എന്നും ജ്വലിക്കുന്ന സ്നേഹത്തിന്‍റെ മുഖം... ’അമ്മ... ’സ്വന്തം അമ്മ .. അതേ .. അമ്മയെന്ന സത്യം .... ആ രണ്ട ക്ഷത്തിന്‍റെ മാധുര്യത്തിൽ സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി .. എക്കാലവും മനസ്സിൽ ചേർത്തുവയ്ക്കാൻ ... ഒരു മഹോന്നത സൃഷ്ടി .

ജർമനിയിലെ മാധ്യമപ്രവർത്തകനും കലാസാംസ്കാരിക, സംഘടന, സമൂഹ്യ പ്രവർത്തനത്തിന്‍റെ മുഖ്യധാരാവാഹകനുമായ ജോസ് കുന്പിളുവേലിയുടെ ഹൃദയത്തിൽ വിരിഞ്ഞ മാസ്മര വരികൾക്ക് മാതൃസ്നേഹത്തിന്‍റെ സംഗീതം ശ്രവണസുധയുടെ പാലാഴിയാക്കി തിരുവനന്തപുരം കലാഗ്രാമത്തിന്‍റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബി എസ് സന്നിവേശിപ്പിച്ച് യുകെയിലെ പതിമൂന്നു വയസ്സുകാരി കൊച്ചുവാനന്പാടി ടെസ്സാ സൂസൻ ജോണ്‍ സ്വരതംബുരുവിൽ ചേർത്തുവെച്ച് സ്വർഗീയ ആലാപനത്തിലൂടെ അതിമനോഹരമാക്കിയ അലൗകികമായ, അഭൗമമായ ചേതന നിറയ്ക്കുന്ന തേനൂറും ഗാനം മാതൃഭക്തിയുടെ, ജപമാലയുടെ മാസമായ ഒക്ടോബറിനെ സാക്ഷിയാക്കി സംഗീതപ്രേമികൾക്കായി കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ സമർപ്പിച്ചത്. മനസിന്‍റെ മണിച്ചെപ്പിൽ എന്നും മിഴിവുണർത്തുന്ന ഈ മരിയഗീതം, മനസിന്‍റെ തന്ത്രിയിൽ എന്നും ഉരുക്കഴിക്കാൻ ഒരു മാതൃസ്തുതിയായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സതീഷ് ബാബു, ആലീസ് എന്നിവർ ആലപിച്ച 10 ഗാനങ്ങളടങ്ങിയ “സ്നേഹാമൃതം” എന്ന ക്രിസ്തീയ ഭക്തിഗാന കാസറ്റിലൂടെ 1988 മുതൽ ഭക്തിഗാനരംഗത്തുവന്ന ജോസ് കുന്പിളുവേലിൽ കുന്പിൾ ക്രിയേഷൻസ് പുറത്തിറക്കിയ സ്വർഗീയാരാമം(1999), പാരിജാതമലർ(2003,സ്വർഗീയാരാമം രണ്ടാംഭാഗം), നീണ്ട ഇടവേളയ്ക്കുശേഷം 2015 ൽ പുറത്തിറക്കിയ അനുപമസ്നേഹം (സ്വർഗീയാരാമം മൂന്നാംഭാഗം), 2011 ൽ റീലീസ് ചെയ്ത ദ ഫെയിത്ത് തുടങ്ങിയ ആൽബങ്ങളിൽ കാവ്യഭംഗിയുള്ള ഗാനരചന നിർവഹിച്ചിട്ടുണ്ട്. കെസ്റ്റർ, എം.ജി ശ്രീകുമാർ, സുജാത, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, വിൽസൻ പിറവം, സിസിലി, ശ്രേയക്കുട്ടി, മണ്‍ മറഞ്ഞുപോയ രാധിക തിലക് തുടങ്ങിയവർ ജോസ് കുന്പിളുവേലിയുടെ വരികൾ പാടി അനശ്വമാക്കിയിട്ടുണ്ട്.

എംസിബിഎസ് സഭാംഗമായ ഫാ.മാത്യൂസ് പയ്യപ്പിള്ളി സംഗീതം നൽകിയ നിരവധി ഭക്തിഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നായ ’വാ..വാ..യേശു നാഥാ വാ..വാ.. എൻ സ്നേഹനാഥാ....’ എന്ന ഗാനം വ്യത്യസ്തമായ രീതിയിൽ ചിട്ടപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്കുയർത്തിയ മറിയം ത്രേസ്യ പുണ്യവതിയെക്കുറിച്ചും ഫാ.മാത്യൂസ് ഗാനങ്ങൾ ഒരുക്കിയത് ശ്രദ്ധേയമായി.

യുകെയിലെ ടെസ സൂസൻ ജോണ്‍ എന്ന പതിമൂന്ന് വയസ്സുകാരിയുടെ സ്വതസിദ്ധമായ ആലാപനം ഈ ഗാനത്തെ അനശ്വരമാക്കുന്നു. യുകെയിലെ പരിപാടികളിൽ വിവിധ സ്റ്റേജുകളിൽ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ച് യുകെ മലയാളികളുടെ പൊന്നോമനയായി മാറിയ ടെസമോൾ കഐസ് ചിത്ര, സംഗീത സംവിധായകൻ ശരത്ത് എന്നിവർ കഴിഞ്ഞദിവസം യൂകെയിൽ നടത്തിയ ഗാനമേളകളിൽ രണ്ടു സ്റ്റേജുകളിൽ ഇവരോടൊപ്പം ഗാനം ആലപിയ്ക്കാൻ ടെസയ്ക്ക് അവസരം ലഭിച്ചത് ഈ കൊച്ചു ഗായികയുടെ ആലാപനമികവിനു ലഭിച്ച അംഗീകാരംകൂടിയാണ്. 2017 ൽ ജിനോ കുന്നുംപുറത്ത് പുറത്തിറക്കിയ കുരിശിൻ ചുവട്ടിൽ കണ്ണീരുമായി എന്ന ഗാനം ആലപിച്ച ടെസ, 2018 ൽ ഇറങ്ങിയ അലവൂറും സ്നേഹം എന്ന ക്രിസ്തീയ ഭക്തിഗാനവും, ഓലനാറൻ കിളിയേ എന്നു തുടങ്ങുന്ന തിരുവോണഗാനവും ബിജു നാരായണനൊപ്പം ടെസ പാടി മികവു തെളിയിച്ചിട്ടുണ്ട്. കുരുന്ന പ്രായത്തിൽതന്നെ സംഗീതത്തിന്‍റെ ബാലപാഠങ്ങൾ അഭ്യസിച്ച് അമ്മയെന്ന സത്യമേ എന്ന ഗാനം ആലപിച്ച് യുകെയിലെ കൊച്ചുവാനന്പാടിയായി, യൂറോപ്പിലെ പൂങ്കുയിലായി ടെസ സൂസൻ ജോണ്‍ മാറിക്കഴിഞ്ഞു.

സിംഗിൾ ആൽബം റിലീസ് ചെയ്ത അന്നുതന്നെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിനു ലഭിച്ചത്. അമിഗോസ് കമ്യൂണിക്കേഷൻസിന്‍റെ ബാനറിൽ കുന്പിൾ ക്രിയേഷൻസിനുവേണ്ടി ജെൻസ് കുന്പിളുവേലിൽ, ജോയൽ കുന്പിളുവേലിൽ എന്നിവർ ചേർന്നാണ് ഈ ആൽബത്തിന്‍റെ നിർമാണം. മിതത്വം പാലിച്ച് ഭക്തിരസം തുളുന്പുന്ന ഓർക്കസ്ട്രേഷൻ പ്രദീപ് ടോമും, കൊച്ചിയിലെ ഗീതം സ്റ്റുഡിയോയിൽ റെക്കോഡിംഗ് നടത്തിയ ഗാനത്തിന്‍റെ മിക്സിംഗ് ജിന്േ‍റാ ജോണും വിഡിയോ എഡിറ്റിംഗ് എറണാകുളം രൂപതാംഗമായ ഫാ. സാജോ പടയാട്ടിലും നിർവഹിച്ചിരിക്കുന്നു.

മനോഹരമായ പ്രകൃതിഭംഗി കോർത്തിണക്കിയാണ് ഗാനത്തിന്‍റെ ദൃശ്യവൽക്കരണം ആരംഭിക്കുന്നത്. സംഗീതം മുഴക്കുന്ന മാലാഖാമാർക്കു നടുവിൽ അംബരറാണിയായ മറിയം, കർത്താവിന്‍റെ ദാസിയായി വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചാരുത നിറഞ്ഞ ദൃശ്യമാണ് ഇന്‍റർലൂഡിൽ ചേർത്തിരിക്കുന്നത്.ഹൃദ്യമായ സംഗീതവും സ്വർഗീയ ആലാപനവും കൊണ്ട് ആദ്യ കേൾവിയിൽത്തന്നെ ഹൃദയത്തിൽ അലിഞ്ഞിറങ്ങുന്ന “അമ്മയെന്ന സത്യം” എന്ന ഗാനം കേൾക്കും തോറും വീണ്ടും ആവർത്തിച്ചു കേൾക്കാൻ പ്രേരകമാവുമെന്നാണ് റിലീസായി രണ്ടുദിവസത്തിനുള്ളിൽ തന്നെ വൈറലായ ഗാനത്തിന്‍റെ ശ്രോതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ