ഫൊക്കാന ഭവനം പദ്ധതി, കുറ്റിയാര്‍വാലിയില്‍ ആദ്യഘട്ടം പൂര്‍ത്തിയായി: മാധവന്‍ ബി.നായര്‍
Monday, October 21, 2019 11:39 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനാ കേരളത്തിന്റെ പ്രളയമേഖലക്ക് സംഭാവന ചെയ്യുന്ന ഭവനം പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ പറഞ്ഞു. കേരളത്തെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഭീതിയിലാഴ്ത്തിയ പ്രളയത്തില്‍ പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളോടനുബന്ധിച്ച് തൊഴില്‍ വകുപ്പ് ഇടുക്കി ജില്ലയിലെ കുറ്റിയാര്‍ വാലിയിലെ തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമ സൗകര്യം പ്രദാനം ചെയ്യുന്നതിനായി ഭവനം ഫൗണ്ടേഷന്‍ ആവിഷ്‌കരിച ബൃഹത് പദ്ധതിയോട് ഫൊക്കാനാ സഹകരിക്കുകയായിരുന്നു .ഫൊക്കാനാ ട്രഷറര്‍ സജിമോന്‍ ആന്റണി ഭവനം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ആദ്യ പത്തു വീടുകളുടെ നിര്‍മ്മാണം വളരെ വേഗത്തില്‍ കോഓര്‍ഡിനേറ്റ് ചെയ്യുകയും ആയിരുന്നു.

ഡോ.മുരളിധരന്‍ ആണ് ഈ പ്രോജക്ടിന്റെ സര്‍ക്കാര്‍ തല കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത്.നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പത്തു വീടുകള്‍ ആണ് പൂര്‍ത്തിയായത്.2019 ഫെബ്രുവരി 14 ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായരുടെ സാന്നിദ്ധ്യത്തില്‍ തൊഴില്‍ മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണന്‍ തറക്കല്ലിട്ട പ്രോജക്ടാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കൂടി പ്രയോജനപ്പെടുത്തിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത്.

നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ തീരുമാനമെടുക്കുകയും പ്രളയം കൂടുതല്‍ നാശമുണ്ടാക്കിയ മലയോര മേഖലയ്ക്ക് ആദ്യ പരിഗണന നല്‍കുവാനും തീരുമാനിക്കുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍ മന്ത്രിയുമായി ഫൊക്കാന പ്രസിഡന്റും സഹപ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഫൊക്കാനയും ഈ വലിയ പ്രോജക്ടിന്റെ ഭാഗമായി മാറി.

കഴിഞ്ഞ പ്രളയ കാലത്ത് ഭൂമിയും, വീടും നഷ്ടപ്പെട്ട വിഭാഗങ്ങളായിരുന്നു പ്രധാനമായും മലയോര മേഖലയില്‍ ഉണ്ടായിരുന്നത്. ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയില്‍ ഈ പ്രദേശങ്ങള്‍ നേരിട്ട് പോയി കാണുകയും ഭുമി യും ,വീടും നഷ്ടപ്പെട്ടവരെ കണ്ടെത്തുകയും അവര്‍ക്ക് പ്രാഥമിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.തുടന്ന് പല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുവാനും സാധിച്ചു.

ഭവനം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം പത്തു വിടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഉടന്‍ തന്നെ ഈ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഫൊക്കാനയുടെ അന്തര്‍ ദേശീയ കണ്‍വന്‍ഷന് മുന്നോടിയായി എല്ലാ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ പദ്ധതിയുടെ വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് ഫൊക്കാനാ നേതൃത്വ നിരയില്‍ നിന്നു തന്നെ പലരും നിരവധി വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മാതൃകയായി എന്നതാണ്. മറ്റുള്ളവരോട് പ്രളയത്തില്‍ പെട്ടവര്‍ക്ക് ഒരു വീട് വച്ച് നല്‍കാനുള്ള സഹായം ചോദിക്കുമ്പോള്‍ നിങ്ങള്‍ അവര്‍ക്കായി എന്ത് ചെയ്തു എന്ന് ചോദിക്കുവാന്‍ ഇടം നല്‍കിയില്ല എന്നത് ശ്ലാഘനീയമന്ന്.വലിയ മാതൃകയായി ഫൊക്കാനാ നേതാക്കള്‍ മാറി എന്നതില്‍ സന്തോഷമുണ്ട്.

ഇടുക്കി ജില്ലയില്‍ മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ എല്ലാം ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുവാനും തുടര്‍ന്ന് അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൃഹ ത്തായ സംരംഭത്തിന് തുടക്കമിടുകയും ഒരു തുടര്‍ പ്രോജക്ടായി ഭവനം പ്രോജക്ടിനെ മാറ്റിയെടുക്കുവാനും ഫൊക്കാനയ്ക്ക് സാധിച്ചു.എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടുറപ്പുള്ള വീടാണ് ഫൊക്കാനായുടെ ലക്ഷ്യം. കേരളത്തില്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ പ്രവാസി മലയാളികളില്‍ ആദ്യം പണം മുടക്കിയ സംഘടന കൂടിയാണ് ഫൊക്കാനാ.

കേരളത്തില്‍ പ്രചാരത്തിലായ ലക്ഷം വീട് കോളനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പ്രധാന സ്‌പോണ്‍സര്‍ കൂടിയാണ് ഫൊക്കാനാ .അതുകൊണ്ടുതന്നെ ഫൊക്കാനയുടെ ഭവന നിര്‍മ്മാണ പദ്ധതിക്ക് ഒരു ആധികാരികതയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഫൊക്കാനാ ഭവനം പദ്ധതി ഒരു തുടര്‍ പ്രോജക്ടായി മുന്നോട്ട് കൊണ്ടുപോവുകയാണ്. ഫൊക്കാനാ പ്രവര്‍ത്തകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും ഈ പ്രോജക്ടുമായി സഹകരിക്കാമെന്നും മാധവന്‍ നായര്‍ അറിയിച്ചു.