എ.എൻ. സെഡ് ടൂറിസം തൊടുപുഴയിൽ പുതിയ ഓഫീസ് തുറന്നു
Tuesday, October 22, 2019 7:38 PM IST
മെൽബൺ: ഓസ്ട്രേലിയയിൽനിന്നും ഇന്ത്യയിലേക്കും അവിടെനിന്നും തിരിച്ചുമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൻസെഡ് (ANZ) ടൂറിസത്തിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫീസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ ഓഫീസ് മുൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം മുംബൈയിൽ ഉദ്ഘാടനം ചെയ്തിരുന്നു.

ഏറ്റവും മിതമായ നിരക്കിൽ ടൂറിസം പാക്കേജുകൾ നൽകി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എഎൻസെഡ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ പ്രസാദ് ഫിലിപ്പും ഡയറക്ടർ ജോൺസൺ മാമലശേരിയും പറഞ്ഞു.

ചെറിയ ഒരു ചായകടയിൽനിന്നുള്ള വരുമാനം സ്വരൂക്കൂട്ടി ഇതിനോടകം 23 രാജ്യങ്ങൾ സന്ദർശിച്ച കൊച്ചിയിലെ വൃദ്ധ ദന്പതികളായ വിജയൻ-മോഹന എന്നിവർ ചേർന്ന് പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം പാക്കേജിന്‍റെ ഉദ്ഘാടനം മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎയും ആദ്യ ടിക്കറ്റ് വില്പന നഗരസഭാധ്യക്ഷ പ്രഫ. ജെസി ആന്‍റണിയും നിർവഹിച്ചു. വെബ്സൈറ്റ് സിനിമ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ടി.സി. രാജു അധ്യക്ഷത വഹിച്ചു. ചേംബർ സംസ്ഥാന സെക്രട്ടറി സാബു കെ. ജേക്കബ്, അർബൻ ബാങ്ക് പ്രസിഡന്‍റ് വി.വി. മത്തായി, സ്പോർട്സ് കൗൺസിലിംഗം മേരി ജോർജ് തോട്ടം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയനിലം, കെപിസിസി മൈനോരിറ്റി സെൽ ചെയർമാൻ മനോജ് കോക്കാട്ട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ആർ. രാധാകൃഷ്ണൻ നായർ, എഎൻസെഡ് മാനേജിംഗ് ഡയറക്ടർ പ്രസാദ് ഫിലിപ്പ്, ഡയറക്ടർ ജോൺസൺ മാമലശേരി എന്നിവർ പ്രസംഗിച്ചു.