മേരി ഇഗ്നേഷ്യസിന് എഡിംഗ്ടൺ വെള്ളിയാഴ്ച അന്ത്യയാത്രാമൊഴിയേകും
Tuesday, October 22, 2019 8:13 PM IST
ലണ്ടൻ: യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നിര്യാതയായ യുക്മ മിഡ് ലാന്‍റ് റീജൺ മുൻ പ്രസിഡന്‍റ് ഇഗ്നേഷ്യസ് പെട്ടയിലിന്‍റെ ഭാര്യ മേരിയുടെ മൃതദേഹം പൊതുദർശനത്തിനായി ഒക്ടോബർ 25ന് (വെള്ളി) എഡിംഗ്‌ടൺ ആബി സെന്‍റ് തോമസ് ആൻഡ് എഡ്മണ്ട് ഓഫ് കാന്‍റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും.

യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനാതുറകളിൽ പെട്ട നൂറ് കണക്കിനാളുകൾ മേരിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. രാവിലെ 11.30നു വിശുദ്ധ കുർബാനയും തുടർന്നു നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരിക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ജസ്റ്റിൻ, ജൂബിൻ എന്നിവർ മക്കളാണ്.

കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ നിർവഹക സമിതി യോഗം മേരി ഇഗ്നേഷ്യസിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. പരേതയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദേവാലയത്തിന്‍റെ വിലാസം: ERDINGTON ABBEY - PARISH OF SS THOMAS AND EDMUND OF CANTERBURY, SUTTON ROAD, ERDINGTON, BIRMINGHAM, WEST MIDLANDS, B23 6QL.

റിപ്പോർട്ട്: അലക്സ് വർഗീസ്