ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷൻ 24 ന് ; നിർദ്ദേശങ്ങളുമായി സ്വാഗതസംഘം
Tuesday, October 22, 2019 8:53 PM IST
ലണ്ടൻ: ഫാ.ജോർജ് പനക്കലച്ചന്‍റെ നേതൃത്വത്തിൽ റെയിൻഹാം ഏലുടെക് അക്കാദമിയിൽ നടക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷന് ഒക്ടോബർ 24 നു വേദിയൊരുങ്ങുന്പോൾ കൺവൻഷൻ വേദിയിലേക്കുള്ള റൂട്ട് മാപ്പും പാർക്കിംഗ് ലൊക്കേഷനും മറ്റു നിർദ്ദേശങ്ങളുമായി സ്വാഗതസംഘം.

ട്യൂബ് ട്രെയിൻ മാർഗം വരുന്നവർ അപ്‌മിൻസ്റ്റർ വഴിയുള്ള ജില്ലാ ലൈനിലൂടെ വന്നു ഡെഗൻഹാം ഈസ്റ്റിൽ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷനു നേരെ എതിർവശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈൻ ആൻഡ് എൻജിനിയറിംഗിലെ സ്പോർട്സ് ഹാളിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

വാഹനങ്ങളിൽ വരുന്നവർ എം ആൻഡ് ബി സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ് കാർ പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. മൂന്നു മിനിട്ടു നടക്കുവാനുള്ള ദൂരത്തിലാണ് കാർ പാർക്കിംഗ്.

കൺവൻഷന്‍റെ ഇടവേളകളിൽ ചായയും ബിസ്കറ്റും നൽകുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വെള്ളക്കുപ്പികൾ ഹാളിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായിരിക്കും. ഫസ്റ്റ് എയ്ഡ് സഹായവും സംഘടാകർ ഉറപ്പു വരുത്തിയിട്ടുണ്ട്.

കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകം പ്രത്യേകം ഹാളുകളിലായി വചന ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നതിനാൽ മാതാപിതാക്കൾ വോളന്‍റിയേഴ്സ് നൽകുന്ന നിർദ്ദേശാനുസരണം ഹാളുകളിൽ കൊണ്ടു പോയി വിടുകയോ വോളണ്ടിയേഴ്സ് കൂട്ടിക്കൊണ്ട് പോവുകയോ ചെയ്യും. പ്രത്യേക ശുശ്രുഷകളിലൂടെ ആല്മീയ ചിന്തകളും വിജ്ഞാനവും നൽകി ആല്മീയ ധാരയിൽ ദൈവീക കൃപകളോടെ വീടിനും നാടിനും അനുഗ്രഹമായി വളർന്നു വരുന്നതിനുള്ള ശുശ്രൂഷകളാണ് ഒരുക്കിയിരിക്കുന്നത്.

സ്രാമ്പിക്കൽ പിതാവും, പനക്കലച്ചനുമൊപ്പം ഫാ.ജോസഫ് എടാട്ട്, ഫാ.ആന്‍റണി പറങ്കിമാവിൽ, ഫാ.ജോസഫ് എടാട്ട്, ഫാ.ജോജോ മരിപ്പാട്ട്, ഫാ.ജോസ് പള്ളിയിൽ എന്നിവർ വിവിധ ശുശ്രുഷകളിൽ പങ്കുചേരും.

അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുന്ന തിരുവചനങ്ങളുടെ ആഴങ്ങളിൽ ലയിക്കുവാനും ദൈവീക സ്നേഹസ്പർശം അനുഭവിക്കുവാനും നവീകരണവും, ആല്മീയ സന്തോഷവും നേടുവാനും ഉതകുന്ന ബൈബിൾ കൺവൻഷനിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം 07472801507

കൺവൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

കാർ പാർക്ക് : M &B Sports and Social Club RM7 0QX

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ