സെന്‍ ബേബി അയര്‍ലണ്ടില്‍ പീസ് കമ്മീഷണര്‍
Tuesday, November 5, 2019 3:23 PM IST
ഡബ്ലിന്‍: ഐറീഷ് മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം. അയര്‍ലണ്ടിലെ പീസ് കമ്മീഷണറായി മലയാളിയായ സെന്‍ ബേബി നിയമിതനായി. ആദ്യമായാണ് ഒരു മലയാളിയ്ക്ക് അയര്‍ലണ്ടില്‍ പീസ് കമ്മീഷന്‍ പദവി ലഭിയ്ക്കുന്നത്.ആദ്യകാല ഇന്ത്യന്‍ കുടിയേറ്റക്കാരനും റിക്രൂട്ട് നെറ്റ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്പനിയുടെ ഉടമയുമായ സെന്‍ ബേബിയ്ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ലി ഫ്‌ലാനഗന്‍ കൈമാറി. പീസ് കമ്മിഷണര്‍ എന്ന ഹോണററി പദവിയില്‍ നിയമിതനാകുന്ന വ്യക്തിക്ക് പ്രധാനമായും മൂന്നു ചുമതലകളാണുള്ളത്.വിവിധ അപേക്ഷകളുടെ ഒപ്പുകള്‍ സാക്ഷ്യപ്പെടുത്തുക, നിയമാനുസൃതമായ സത്യവാങ്മൂലങ്ങള്‍ സ്വീകരിക്കുക, ഐറിഷ് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എന്നിവയാണ് പ്രധാനം. ഡബ്ലിനിലെ ലക്സ്ലിപ്പിലുള്ള ഇന്റല്‍ കമ്പനിയില്‍ എന്‍ജിനീയറായി അയര്‍ലന്‍ഡില്‍ കരിയര്‍ തുടങ്ങിയ സെന്‍ ബേബി പിന്നീട് റിക്രൂട്ട് നെറ്റ് എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി അയര്‍ലണ്ടില്‍ ആരംഭിച്ചു.

ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം അയര്‍ലന്‍ഡില്‍നിന്നും വിദേശത്തുനിന്നുമായുള്ള അനേകം ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരങ്ങള്‍ ഒരുക്കി കൊടുത്തുകൊണ്ടിരിക്കുന്നു. ലൂക്കന്‍ മലയാളി ക്ലബ്, കേരള ഹൗസ് തുടങ്ങി നിരവധി സംഘടനകളുടെസജീവ പ്രവര്‍ത്തകനാണ് സെന്‍ ബേബി. കൊട്ടാരക്കര, തോണിവിള പടിഞ്ഞാറ്റേതില്‍ കുടുംബാംഗമായ സെന്‍ ബേബിയുടെ ഭാര്യ സാനി ജോര്‍ജ് ഡബ്ലിനില്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. മക്കള്‍ സേയ സെന്‍, സാന്റോ സെന്‍.

റിപ്പോര്‍ട്ട് :രാജു കുന്നക്കാട്ട്.