ജർമനിയിൽ ബജറ്റ് എയർലൈനുകൾക്ക് ചെലവേറുന്നു
Wednesday, November 6, 2019 9:50 PM IST
ബർലിൻ: ജർമനിയിൽ ബജറ്റ് എയർലൈനുകളുടെ സർവീസുകൾ കുറയുന്നതിനൊപ്പം ഇവയിൽ യാത്ര ചെയ്യാനുള്ള ചെലവ് കൂടുകയും ചെയ്യുന്നു. ജർമൻ എയ്റോസ്പേസ് ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് ഇതു വ്യക്തമാകുന്നത്.

ജർമനിയിലെ ആഭ്യന്തര ലക്ഷ്യങ്ങളിലേക്കും സ്പെയ്ൻ, യുകെ എന്നിവിടങ്ങളിലേക്കും സർവീസുകൾ കുറഞ്ഞപ്പോൾ ഇറ്റലിയിലേക്കു മാത്രമാണ് ഏതാനും സർവീസുകൾ വർധിച്ചത്. ടിക്കറ്റ് ഇളവുള്ള വിമാനങ്ങളുടെ ആകെ എണ്ണത്തിൽ ഒരു ശതമാനത്തിന്‍റെ കുറവും രേഖപ്പെടുത്തുന്നു.

ജർമൻ ബജറ്റ് എയർലൈൻ മേഖലയിൽ മുന്നിലുള്ള യൂറോവിംഗ്സ് അവരുടെ സർവീസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് മൂന്നര ശതമാനമാണ് കുറച്ചിരിക്കുന്നത്. ആഴ്ചയിൽ 3100 ഫ്ളൈറ്റുകൾ അവരിപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നു.

അതേസമയം, ജർമനിയിൽനിന്ന് 940 റൂട്ടുകളിലേക്കാണ് ഇപ്പോൾ ബജറ്റ് എയർലൈൻ സർവീസുകളുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് പതിനാല് ശതമാനം കൂടുതലാണിത്. ഡ്യുസൽഡോർഫിൽനിന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബജറ്റ് എയർലൈനുകൾ സർവീസ് നടത്തുന്നത്. ബർലിൻ-ടെഗൽ രണ്ടാം സ്ഥാനത്ത്.

ഇന്ധന വിലക്കയറ്റം ബജറ്റ് എയർലൈനുകളിൽ ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായി. പരിസ്ഥിതി ലക്ഷ്യങ്ങൾ മുൻനിർത്തി ചെലവ് കുറഞ്ഞ വിമാന സർവീസുകൾ നിരുത്സാഹപ്പെടുത്താൻ നികുതി ചുമത്താനുള്ള തീരുമാനം ഭാവിയിൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിപ്പിക്കുമെന്നും ഉറപ്പാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ