റഷ്യയ്ക്കും ചൈനയ്ക്കും പോംപിയോയുടെ രൂക്ഷ വിമര്‍ശനം
Saturday, November 9, 2019 9:34 PM IST
ബെർലിൻ: ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റഷ്യയ്ക്കും ചൈനയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വര്‍ത്തമാനകാലത്തിന്‍റെ അപകടങ്ങള്‍ നേരിടാന്‍ നാറ്റോ ശക്തിപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ ചൈന ഉപയോഗിച്ചു വരുന്ന മാര്‍ഗങ്ങള്‍ പഴയ പൂര്‍വ ജര്‍മനിയില്‍ ഉണ്ടായിരുന്നതിനു സമാനമാണ്. റഷ്യയാകട്ടെ, അയല്‍ രാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയുമാണു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നാറ്റോയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയാണെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതു ചിരിച്ചു തള്ളുകയാണ് പോംപിയോ ചെയ്തത്. നേരത്തെ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും മാക്രോണിന്‍റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, എഴുപതു വര്‍ഷത്തിനിപ്പുറം നാറ്റോ ഇനിയും വളരാനും പരിവര്‍ത്തനം ചെയ്യപ്പെടാനുമുണ്ടെന്ന് പോംപിയോ സമ്മതിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ