ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: രാവിലെ മുതല്‍ കലോത്സവ നഗറില്‍ വിശുദ്ധ കുര്‍ബാന
Monday, November 11, 2019 11:49 AM IST
ലിവര്‍പൂള്‍: നവംബര്‍ പതിനാറിന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമതു ദേശീയ ബൈബിള്‍ കലോത്സവ നഗറില്‍ രാവിലെ പത്തര മുതല്‍ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോണ്‍.. ജിനോ അരീക്കാട്ട് അറിയിച്ചു . പത്തര, പന്ത്രണ്ടര, രണ്ടര, നാലര എന്നിങ്ങനെ നാല് വിശുദ്ധ കുര്‍ബാനകള്‍ ആണു ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ ഒമ്പതിനു ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും.കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു നടന്നിരുന്നു .കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും , വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു . രൂപതയുടെ വിവിധ റീജിയനുകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് സുഗമമായി മത്സരങ്ങളില്‍ പങ്കു കൊള്ളുവാനും , കാണികള്‍ക്കു മത്സരങ്ങള്‍ വീക്ഷിക്കുവാനും വേണ്ടിയുള്ള പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ക്കാണ് സംഘാടക സമിതി ശ്രമിക്കുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍